ന്യൂഡൽഹി: പുൽവാമ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച ധീര സൈനികരുടെ കുടുംബത്തിന് സഹായഹസ്തവുമായി ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയും. ജവാൻമാരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ നൽകുമെന്ന് ഷമി അറിയിച്ചു. ഇന്ത്യൻ ക്രിക്കറ്റ് താരം ശിഖർ ധവാനും മുൻ താരം വീരേന്ദർ സേവാഗും നേരത്തെ സഹായ ഹസ്തവുമായി എത്തിയിരുന്നു.
ഞങ്ങൾ രാജ്യത്തിന് വേണ്ടി കളിക്കുമ്പോൾ നമ്മുടെ സൈനികർ അതിര്‍ത്തിയില്‍ രാജ്യം കാക്കുകയാണ്. നമ്മൾ ജവാൻമാരുടെ കുടുംബത്തിനൊപ്പം നിൽക്കണം. അവർക്കൊപ്പം നമ്മൾ എന്നുമുണ്ടാവുമെന്നും മുഹമ്മദ് ഷമി പറഞ്ഞു.
നേരത്തെ ശിഖർ ധവാനും സേവാഗും സൈനികർക്ക് സഹായവുമായി എത്തിയിരുന്നു. മരിച്ചവരെ തിരിച്ചുകൊണ്ടുവരാനാകില്ലെന്നും ഈ ചെയ്യുന്നത് അവര്‍ക്കൊരു ആശ്വാസമാകുമെന്ന് കരുതുന്നില്ലെന്നും ധവാൻ പറഞ്ഞിരുന്നു.
സൈനികരുടെ മക്കളുടെ വിദ്യാഭ്യാസ ചെലവ് ഏറ്റെടുക്കാമെന്ന് അറിയിച്ചായിരുന്നു സേവാഗ് രംഗത്തെത്തിയത്. എന്തു ചെയ്താലും അധികമാവില്ല, എങ്കിലും എന്നെക്കൊണ്ടാവുന്നത് ചെയ്യാന്‍ ശ്രമിക്കുന്നു. മരിച്ച സൈനികരുടെ മക്കളുടെ വിദ്യാഭ്യാസ ചെലവ് ഏറ്റെടുക്കാന്‍ തയാറാണ്. അവര്‍ക്ക് തന്റെ സെവാഗ് ഇന്റര്‍നാഷണല്‍ സ്കൂളില്‍ വിദ്യാഭ്യാസം നല്‍കാനും ഒരുക്കമാണെന്നും സേവാഗ് ട്വിറ്ററില്‍ കുറിച്ചു.