മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റിന്റെ 2019 എഡിഷന്റെ ഉദ്ഘാടന ചടങ്ങുകളിലെ ആർഭാടം ഒഴിവാക്കി. പുൽവാമ ഭീകരാക്രകമണത്തിന്റെ പശ്ചാത്തലത്തിൽ സൈനികരോടുള്ള ആദരസൂചകമായാണ് ചടങ്ങുകൾ ഒഴിവാക്കിയത്. ചടങ്ങിനായുള്ള തുക വീരമൃത്യു വരിച്ച ജവാൻമാരുടെ കുടുംബത്തിന് നൽകാനും തീരുമാനിച്ചു.
എല്ലാ സീസണുകളിലേയും ഐപിഎല്ലിന്റെ പ്രത്യേകതയാണ് വർണശബളമായ ഉദ്ഘാടനച്ചടങ്ങുകൾ. ബോളിവുഡ് താരങ്ങളടക്കം പങ്കെടുക്കുന്ന വൻ പരിപാടികളും ഉണ്ടാകാറുണ്ട്. ഇതിനായി വലിയ തുക തന്നെ ചിലവഴിക്കുകയും ചെയ്യാറുണ്ട്. ഇതാണ് ഇത്തവണ ഒഴിവാക്കാൻ തീരുമാനിച്ചത്.
സൈനികർക്ക് ആദരമർപ്പിച്ച് ഉദ്ഘാടന ചടങ്ങ് ഒഴിവാക്കുന്നുവെന്നും ചടങ്ങിനായി നീക്കിവച്ച തുക പുൽവാമയിൽ വീരമൃത്യുവരിച്ച ജവാൻമാരുടെ കുടുംബത്തിന് നൽകുമെന്നും ബിസിസിഐ ഇടക്കാല ഭരണസമിതി തലവൻ വിനോദ് റായ് അറിയിച്ചു. സമിതിയുടെ യോഗത്തിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.