ന്യൂഡൽഹി: പാകിസ്ഥാന് വീണ്ടും മുന്നറിയിപ്പുമായി അമേരിക്ക. ഐക്രരാഷ്‌ട്ര സുരക്ഷാ സമിതിയുടെ നിർദ്ദേശം പാലിക്കാൻ പാകിസ്ഥാൻ തയ്യാറാകണമെന്ന് അമേരിക്ക ആവശ്യപ്പെട്ടു. ഭീകര സംഘടനകൾക്ക് താവളമൊരുക്കുന്ന നടപടി നിർത്തണമെന്നും, ഭീകരർക്ക് ലഭ്യമാകുന്ന ഫണ്ട് തടയാൻ പാകിസ്ഥാൻ തയ്യാറാകണമെന്നും അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് മുന്നറിയിപ്പ് നൽകി.
പാകിസ്ഥാനും ഇന്ത്യയും എല്ലാ സൈനിക നടപടികളും നിർത്തി വയ്‌ക്കണമെന്നും അമേരിക്ക ആവശ്യപ്പെട്ടു. അമേരിക്കൻ വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോയുമായി ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവൽ ടെലിഫോണിൽ ചർച്ച നടത്തി. പാകിസ്ഥാനിലെ ജെയ്ഷെ മുഹമ്മദ് ഭീകര കേന്ദ്രങ്ങൾ തകർത്ത ഇന്ത്യൻ നടപടിയെ ശക്തമായി പിന്തുണയ്‌ക്കുന്നതായും മൈക്ക് പോംപിയോ വ്യക്തമാക്കി.
ഇന്ത്യയ്‌ക്ക് പിന്തുണയുമായി കൂടുതൽ ലോകരാജ്യങ്ങളും രംഗത്തെത്തി. സൗദി അറേബ്യയും ജപ്പാനും പിന്തുണയുമായി എത്തി. ഭീകരർക്കെതിരെ പാകിസ്ഥാൻ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ജപ്പാൻ ആവശ്യപ്പെട്ടു. പാകിസ്ഥാൻ സൈനിക നടപടികൾ നിർത്തിവയ്‌ക്കണമെന്ന് സൗദി അറേബ്യയും ആവശ്യപ്പെട്ടു. പ്രശ്നപരിഹാരത്തിന് ഇടപെടാൻ തയ്യാറെന്ന് സൗദി അറേബ്യയും വ്യക്തമാക്കി.
നേരത്തെ, ഇന്ത്യക്ക് പിന്തുണയുമായി ഫ്രാൻസ്, ഓസ്ട്രേലിയ അടക്കമുള്ള രാജ്യങ്ങളും രംഗത്തെത്തിയിരുന്നു.















