ന്യൂഡൽഹി: പാകിസ്ഥാന് ശക്തമായ താക്കീതുമായി ഇന്ത്യ. പൈലറ്റ് അഭിനന്ദനെ വിട്ടുകിട്ടണമെന്ന് പാക് വിദേശകാര്യമന്ത്രാലയത്തോട് ഇന്ത്യ നേരിട്ട് ആവശ്യപ്പെട്ടു. ഇസ്ലാമാബാദിലെ ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥർ പാക് വിദേശകാര്യ മന്ത്രാലയത്തിൽ എത്തിയാണ് ആവശ്യമുന്നയിച്ചത്.
പാകിസ്ഥാനുമായി വിലപേശലിനില്ല. ചർച്ചയ്‌ക്ക് തയ്യാറായപ്പോഴെല്ലാം മുഖം തിരിച്ചത് പാകിസ്ഥാനാണ്. തെളിവുകൾ നൽകിയപ്പോഴും നടപടിയെടുക്കാൻ പാകിസ്ഥാൻ തയ്യാറായില്ലെന്നും വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു.
അഭിനന്ദിനോട് പാക് സൈന്യം ക്രൂരമായാണ് പെരുമാറിയത്. പൈലറ്റിനെ അന്യായമായി തടവിൽ വെച്ച് പീഡിപ്പിക്കുന്നത് ജനീവാ കരാറിന്റെ പരസ്യമായ ലംഘനമാണെന്ന് പ്രതിരോധമന്ത്രാലയം വ്യക്തമാക്കി.
ഭീകരസംഘടനയായ ജയ്ഷെ മുഹമ്മദിനെയും തലവനും കൊടുംഭീകരനുമായ മസൂദ് അസറിനെയും പാക് സൈന്യമാണ് സംരക്ഷിക്കുന്നത്. അതിർത്തിയില്‍ പാക് പോർ വിമാനമെത്തിയത് സൈനിക നടപടിയാണെന്നും പ്രതിരോധമന്ത്രാലയം സ്ഥിരീകരിച്ചു.















