ന്യൂഡൽഹി: പാകിസ്ഥാൻ കസ്റ്റഡിയിലെടുത്ത വ്യോമസേന പൈലറ്റ് അഭിനന്ദനെ നാളെ മോചിപ്പിക്കുമെന്ന് പാകിസ്ഥാൻ. പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എഎൻഐ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സമാധാനത്തിന് വേണ്ടിയാണ് സൈനികനെ മോചിപ്പിക്കുന്നതെന്നും ഇമ്രാൻ ഖാൻ പറഞ്ഞു.
പൈലറ്റ് അഭിനന്ദനെ വിട്ടുകിട്ടണമെന്ന് പാക് വിദേശകാര്യമന്ത്രാലയത്തോട് ഇന്ത്യ നേരിട്ട് ആവശ്യപ്പെട്ടിരുന്നു. ഇസ്ലാമാബാദിലെ ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥർ പാക് വിദേശകാര്യ മന്ത്രാലയത്തിൽ എത്തിയാണ് ആവശ്യമുന്നയിച്ചത്.
പാകിസ്ഥാനുമായി വിലപേശലിനില്ല. ചർച്ചയ്‌ക്ക് തയ്യാറായപ്പോഴെല്ലാം മുഖം തിരിച്ചത് പാകിസ്ഥാനാണ്. തെളിവുകൾ നൽകിയപ്പോഴും നടപടിയെടുക്കാൻ പാകിസ്ഥാൻ തയ്യാറായില്ലെന്നും വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു.
അഭിനന്ദിനോട് പാക് സൈന്യം ക്രൂരമായാണ് പെരുമാറിയത്. പൈലറ്റിനെ അന്യായമായി തടവിൽ വെച്ച് പീഡിപ്പിക്കുന്നത് ജനീവാ കരാറിന്റെ പരസ്യമായ ലംഘനമാണെന്ന് പ്രതിരോധമന്ത്രാലയം വ്യക്തമാക്കിയിരുന്നു.















