ന്യൂഡൽഹി: പാകിസ്ഥാൻ കസ്റ്റഡിയിലെടുത്ത വിംഗ് കമ്മാൻഡർ അഭിനന്ദനെ ഇന്ന് മോചിപ്പിക്കും. ലോകരാഷ്‌ട്രങ്ങളുടെ സമ്മർദ്ദത്തിന് മുന്നിൽ പാകിസ്ഥാൻ കീഴടങ്ങുകയായിരുന്നു. അഭിനന്ദനെ മോചിപ്പിക്കുന്ന കാര്യം ഇമ്രാൻ ഖാൻ തന്നെയാണ് വ്യക്തമാക്കിയത്. വാഗ അതിർത്ത് വഴിയാണ് മോചിപ്പിക്കുന്നത്.
സമാധാനമാണ് പാകിസ്ഥാൻ ആഗ്രഹിക്കുന്നതെന്നും അതിനാലാണ് അഭിനന്ദനെ വിട്ടയക്കാൻ തീരുമാനിച്ചതെന്നുമായിരുന്നു പാക് പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. പാകിസ്ഥാൻ പാർലമെന്റിന്റെ സംയുക്ത സമ്മേളനത്തിലായിരുന്നു ഇമ്രാൻ ഖാന്റെ പ്രസ്താവന.
എന്നാൽ ഇന്ത്യയുടെ സമ്മർദ്ദത്തിന് വഴങ്ങിയാണ് യാതൊരു ഉപാധിയുമാല്ലാതെ വ്യോമസേന പൈലറ്റിനെ വിട്ടുതരാൻ പാകിസ്ഥാൻ നിർബന്ധിതമായത്. എന്തിനും തയ്യാറായി വ്യോമസേനയും, കയറി അടിക്കാൻ തയ്യാറായി കരസേനയും കറാച്ചിക്ക് സമീപം ഇന്ത്യൻ നാവികസേനയും നിലയുറപ്പിച്ചതോടെ പാകിസ്ഥാന് ഗത്യന്തരമില്ലാതായി.
ഇതിനോടൊപ്പം വൈകുന്നേരം അഞ്ച് മണിയ്‌ക്ക് കര ,വ്യോമ , നാവികസേനകളുടെ സംയുക്ത വാർത്താ സമ്മേളനം കൂടി വിളിച്ചതോടെ ഇന്ത്യയുടെ ആവശ്യത്തിന് മുന്നിൽ പാകിസ്ഥാൻ അടിയറവ് പറയുകയായിരുന്നു.















