ദുബായ് : വിഖ്യാത ടെന്നിസ് താരം റോജർ ഫെഡററിന് ചരിത്രനേട്ടം . ദുബായ് ചാമ്പ്യൻ ഷിപ്പ് വിജയത്തോടെ നൂറ് കരിയർ കിരീടം നേടുന്ന ലോകത്തെ രണ്ടാമത്തെ പുരുഷ ടെന്നീസ് താരമായി അദ്ദേഹം. ജിമ്മി കോണേഴ്സാണ് ഫെഡററിനു മുന്നേ ഈ നേട്ടത്തിന് അർഹനായിട്ടുള്ളത്. 109 കിരീടങ്ങളാണ് കോണേഴ്സിന്റെ അക്കൗണ്ടിൽ ഉള്ളത്.
ദുബായ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഗ്രീക്ക് താരമായ സ്റ്റെസിപാസിനെയാണ് ഫെഡറർ തോൽപ്പിച്ചത്.സ്കോർ 6-4,6-4. കഴിഞ്ഞ ഓസ്ട്രേലിയൻ ഓപ്പൺ സെമിയിൽ ഫെഡററിനെ സ്റ്റെസിപാസ് തോൽപ്പിച്ചിരുന്നു.37 കാരനായ റോജർ ഫെഡറർ 20 ഗ്രാൻസ്‌സ്ലാം കിരീടനേട്ടത്തിനും ഉടമയാണ്. ടെന്നീസിൽ ഏറ്റവും കൂടുതൽ ഗ്രാൻസ്‌ലാം കിരീടങ്ങൾ നേടുന്ന പുരുഷ താരവും റോജർ ഫെഡററാണ്.
എട്ട് വിംബിൾഡൺ കിരീടങ്ങളുള്ള റോജർ ആറു പ്രാവശ്യം ഓസ്ട്രേലിയൻ ഓപ്പണിൽ കിരീടം ചൂടിയിട്ടുണ്ട്. ഫ്രഞ്ച് ഓപ്പണിൽ ഒരു പ്രാവശ്യം വിജയിച്ചു. തുടർച്ചയായ അഞ്ചു പ്രാവശ്യം യുഎസ് ഓപ്പൺ കിരീടവും ഫെഡറർ നേടിയിട്ടുണ്ട്.















