ബ്രിസ്റ്റോൾ: ഇ എസ് പി എൻ വേൾഡ് ഫെയിം 100 പട്ടികയിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോലിയും മുൻ നായകൻ മഹേന്ദ്ര സിംഗ് ധോണിയും മികച്ച സ്ഥാനങ്ങളിൽ. ലോകത്തിലെ ഏറ്റവും പ്രമുഖരായ കായികതാരങ്ങളുടെ വാർഷിക പട്ടികയാണ് ഇ എസ് പി എൻ വേൾഡ് ഫെയിം 100. പുതിയ പട്ടിക പ്രകാരം കോലി ഏഴാം സ്ഥാനത്തും ധോണി പതിമൂന്നാമതുമാണ്.
പോർച്ചുഗീസ് ഫുട്ബോൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന പട്ടികയിൽ മുൻ ബാസ്കറ്റ് ബോൾ താരം ലെബ്രോൺ ജയിംസ് രണ്ടാമതും അർജന്റീന ഫുട്ബോളർ ലയണൽ മെസ്സി മൂന്നാമതുമാണ്.
പട്ടികയിൽ എട്ട് ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ സ്ഥാനം നേടി. യുവരാജ് സിംഗ് (18), സുരേഷ് റെയ്ന (22), ആർ അശ്വിൻ (42), രോഹിത് ശർമ (46), ഹർഭജൻ സിംഗ് (74), ശിഖർ ധവാൻ (94) എന്നിങ്ങനെയാണ് മറ്റ് ഇന്ത്യൻ താരങ്ങളുടെ സ്ഥാനങ്ങൾ. പട്ടികയിലുള്ള ഇന്ത്യൻ പുരുഷ താരങ്ങളെല്ലാം ക്രിക്കറ്റ് മേഖലയിൽ നിന്നുള്ളവരാണെന്നത് ശ്രദ്ധേയമാണ്.
ഗൂഗിളിലെ സെർച്ച് സ്കോർ, പൊതുവിലുള്ള അംഗീകാരം, സമൂഹ മാദ്ധ്യമങ്ങളിലെ ഫോളോവേഴ്സിന്റെ എണ്ണം തുടങ്ങിയവയാണ് റാങ്കിംഗിന്റെ മാനദണ്ഡം. കഴിഞ്ഞ വർഷം പതിനൊന്നാം സ്ഥാനത്തായിരുന്ന വിരാട് കോലി നാല് സ്ഥാനങ്ങൾ മെച്ചപ്പെടുത്തിയാണ് ഇത്തവണ ഏഴാം സ്ഥാനത്തെത്തിയിരിക്കുന്നത്.
പട്ടികയിൽ ആകെ മൂന്ന് വനിതകൾക്കേ ഇടം പിടിക്കാൻ കഴിഞ്ഞിട്ടുള്ളൂ. പതിനേഴാം സ്ഥാനത്തുള്ള സെറീന വില്യംസും മുപ്പത്തിയേഴാം സ്ഥാനത്തുള്ള മരിയ ഷറപ്പോവയും തൊണ്ണൂറ്റിമൂന്നാം സ്ഥാനത്തുള്ള സാനിയ മിർസയുമാണ് ഇവർ. പട്ടികയിൽ ഇടം നേടിയ ഒരേയൊരു ഇന്ത്യൻ വനിതാ കായിക താരമാണ് സാനിയാ മിർസ.
ക്രിസ്റ്റ്യാനോ റൊണാൾഡോ, ലെബ്രോൺ ജെയിംസ്, ലയണൽ മെസ്സി, നെയ്മർ, റോജർ ഫെഡറർ, കോണർ മക് ഗ്രെഗർ, വിരാട് കോലി, റാഫേൽ നഡാൽ, സ്റ്റീഫൻ കെറി, ടൈഗർ വുഡ്സ് തുടങ്ങിയവരാണ് പട്ടികയിലെ ആദ്യ പത്ത് പേർ.















