മുംബൈ: മുംബൈയിലെ ഛത്രപതി ശിവാജി മഹാരാജ് ടെര്‍മിനസ് റെയില്‍വേ സ്റ്റേഷനില്‍ നടപ്പാലത്തിന്റെ ഒരു ഭാഗം തകര്‍ന്നു വീണ് മരിച്ചവരുടെ എണ്ണം ആറായി. മരിച്ചവരില്‍ രണ്ട് പേര് സ്ത്രീകളാണ്. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അപകടത്തില്‍ പെട്ട പലരുടേയും നില ഗുരുതരമായി തുടരുകയാണ്.
ഇന്നലെ രാത്രി ഏഴ് മണിയോടെയായിരുന്നു സംഭവം. തിരക്കേറിയ സമയത്തായിരുന്നു അപകടമുണ്ടായത്. കാല്‍നട യാത്രികര്‍ സഞ്ചരിക്കുന്ന പാലത്തിന്റെ അറ്റകുറ്റപ്പണികള്‍ നടന്ന് വരികയായിരുന്നു. സിഎസ്ടി പ്ലാറ്റ്ഫോമും ബിടി ലെയിനും തമ്മില്‍ ബന്ധിപ്പിക്കുന്ന ഭാഗത്തെ നടപ്പാലമാണ് തകര്‍ന്ന് വീണത്. തകര്‍ന്ന് വീണ പാലത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയ എല്ലാവരേയും രക്ഷിച്ചതായി ദുരന്ത നിവാരണ സേന വ്യക്തമാക്കി.
മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് മഹാരാഷ്ട്ര സര്‍ക്കാര്‍ അഞ്ച് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. സംഭവത്തില്‍ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടതായി മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് പറഞ്ഞു. സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അനുശോചനം രേഖപ്പെടുത്തി. തന്റെ മനസ്സ് ദുരന്തത്തിനിരയായവരുടെ കുടുംബങ്ങള്‍ക്കൊപ്പമാണെന്ന് അദ്ദേഹം അറിയിച്ചു. അപകടത്തില്‍ പരിക്കേറ്റവര്‍ക്ക് സാദ്ധ്യമായ എല്ലാ സഹായങ്ങളും മഹാരാഷ്ട്ര സര്‍ക്കാര്‍ ചെയ്തു വരുന്നതായും പ്രധാനമന്ത്രി വ്യക്തമാക്കി.