ക്രൈസ്റ്റ്ചര്‍ച്ച്: ന്യൂസിലന്‍ഡില്‍ രണ്ട് മുസ്ലീംപള്ളികള്‍ക്ക് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ ഒരു ഇന്ത്യക്കാരന് കൊല്ലപ്പെട്ടതായി സ്ഥിരീകരണം. ഗുജറാത്ത് സ്വദേശി മുഹമ്മദ് ജുനത്ത് ഖാരയാണ് കൊല്ലപ്പെട്ടത്. രണ്ട് പേര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്. വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ആക്രമണത്തില്‍ ആറ് ഇന്ത്യക്കാരെ കാണാനില്ലെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. 49 പേരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. 20ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ പലരുടേയും നില ഗുരുതരമായി തുടരുകയാണ്.
ഓസ്ട്രേലിയന്‍ പൗരനായ ബ്രണ്ടന്‍ ഹാരിസണ്‍ ടാറന്റ് ആണ് ആക്രമണത്തിന് പിന്നിലെന്ന് ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി സ്ഥിരീകരിച്ചിരുന്നു. യൂറോപ്പില്‍ നടക്കുന്ന മുസ്ലിം കുടിയേറ്റമാണ് ആയുധമെടുക്കാന്‍ തന്നെ പ്രേരിപ്പിച്ചതെന്നാണ് ഇയാള്‍ ആക്രമണത്തിന് പ്രേരിപ്പിച്ച കാരണമായി പറയുന്നത്. കുടിയേറ്റക്കാര്‍ക്ക് വളരെ ഉയര്‍ന്ന ജനനനിരക്കാണുള്ളത്. എന്നാല്‍ യൂറോപ്യന്മാര് ഇക്കാര്യത്തില്‍ വളരെ പിറകിലാണ്. ഇത് യൂറോപ്യന്മാരെ ന്യൂനപക്ഷമാക്കുമെന്നും സ്വന്തം നാട്ടില്‍ നിന്ന് ഓടേണ്ട അവസ്ഥയുണ്ടാക്കുമെന്നുമാണ് ഭീകരന്റെ നിലപാട്. ഇയാളില്‍ നിന്ന് കണ്ടെടുത്ത 74 പേജുള്ള കുറിപ്പിലാണ് ഇക്കാര്യങ്ങളുള്ളത്. കുരിശു യുദ്ധത്തിലെ പ്രധാന സൈനിക വിഭാഗമായിരുന്ന നൈറ്റ്സ് ഓഫ് റ്റെമ്പ്ലാറില്‍ നിന്ന് അനുഗ്രഹം നേടിയെന്നും ഭീകരന് ലഘുലേഖയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
തന്നെ ഭീകരനാക്കിയത് സ്റ്റോക്ക്ഹോമില്‍ ഐഎസ് നടത്തിയ ആക്രമണമാണെന്നും ഇയാള്‍ വ്യക്തമാക്കുന്നുണ്ട്. 2017 ഏപ്രിലില്‍ ഐഎസ് ഭീകരര്‍ ജനക്കൂട്ടത്തിലേക്ക് ട്രക്ക് ഓടിച്ച് കയറ്റി നടത്തിയ ആക്രമണത്തില്‍ അഞ്ച് പേര് കൊല്ലപ്പെട്ടിരുന്നു. ഇത് താന്‍ നേരിട്ട് കണ്ടെന്നും അതാണ് ആയുധമെടുക്കാന്‍ പ്രേരിപ്പിച്ചതെന്നും ഇയാള്‍ വ്യക്തമാക്കുന്നു. എബ്ബ അകെര്ലുന്ദ് എന്ന പെണ്‍കുട്ടിയെ ഐഎസ് ഭീകരന് കൊന്നത് തന്നെ വേദനിപ്പിച്ചുവെന്നും ഇയാളില്‍ നിന്ന് പിടിച്ചെടുത്ത ലഘുലേഖയില്‍ പറയുന്നു. താനൊരു സമയം വലതുപക്ഷവാദിയും ഇടതുപക്ഷവാദിയുമാണെന്നും ഭീകരന് അവകാശപ്പെടുന്നുണ്ട്.
മധ്യ ക്രൈസ്റ്റ് ചര്‍ച്ചിലെ അല്‍നൂര്‍ പള്ളിയിലാണ് ആദ്യം വെടിവയ്പ്പ് ഉണ്ടായത്. പിന്നീടാണ് ലിന്‍ഡുവിലെ രണ്ടാമത്തെ പള്ളിയില്‍ ആക്രമണം ഉണ്ടാകുന്നത്. സൈനികരുടെ വേഷത്തിലാണ് അക്രമി എത്തിയതെന്ന് ദൃക്സാക്ഷികള്‍ വ്യക്തമാക്കിയിട്ടുണ്ട്. ഓട്ടോമാറ്റിക് റൈഫിളുമായെത്തിയ ഇയാള്‍ പ്രാര്‍ത്ഥനക്കെത്തിയ ആളുകളുടെ നേര്‍ക്ക് വെടിയുതിര്‍ക്കുകയായിരുന്നു. കൊച്ചുകുട്ടികള്‍ ഉള്‍പ്പെടെ ഉള്ളവര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.