കാസര്‍കോട്: രാജ്മോഹന്‍ ഉണ്ണിത്താന്റെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ കാസര്‍കോട് ജില്ലയില്‍ പ്രതിഷേധം. ഡിസിസി ഭാരവാഹികള്‍ ഉള്‍പ്പെടെ പലരും രാജിക്കൊരുങ്ങുകയാണ്. 18 പേര് ഭാരവാഹിത്വം രാജിവയ്ക്കുമെന്ന് ഡിസിസി സെക്രട്ടറി അഡ്വ.ഗോവിന്ദന് വ്യക്തമാക്കി. പുറത്ത് നിന്നുള്ള സ്ഥാനാര്‍ത്ഥിയെ കെട്ടിയിറക്കിയെന്നാണ് ഉണ്ണിത്താനെതിരെയുള്ള പ്രധാന ആക്ഷേപം.
വി. സുബ്ബയ്യ റേയും രാജ്മോഹന്‍ ഉണ്ണിത്താന്റെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ പ്രതിഷേധമറിയിച്ചിട്ടുണ്ട്. സുബ്ബരയ്യയുടെ പേരാണ് അവസാനം നിമിഷം വരെ കാസര്‍കോട് ഉയര്‍ന്നിരുന്നത്. എന്നാല്‍ അവസാന നിമിഷം ഹൈക്കമാന്‍ഡ് സ്ഥാനാര്‍ത്ഥി പട്ടിക വിട്ടപ്പോള്‍ മാത്രമാണ് ഉണ്ണിത്താന്റെ പേര് ഇവിടെ പരിഗണിച്ചിരുന്നതായി പലരും അറിയുന്നത്.
അതേ സമയം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാത്ത നാല് സീറ്റുകളിലെ തര്‍ക്കം തീര്‍ക്കാന്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വം ഇന്ന് സംസ്ഥാന നേതാക്കളുമായി ചര്‍ച്ച നടത്തും. വയനാട്, വടകര, ആലപ്പുഴ, ആറ്റിങ്ങല്‍ സീറ്റുകളിലെ സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കുന്നതിനായാണ് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നിക് ഇന്ന് നേതാക്കളുമായി ചര്‍ച്ച നടത്തുക. കൂടുതല്‍ പേരുകള്‍ ഉയര്‍ന്നു വന്നതിനെ തുടര്‍ന്ന് ഈ നാല് സീറ്റുകളിലും ഇന്നലെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിരുന്നില്ല.