ആംസ്റ്റര്‍ഡാം: നെതര്‍ലന്റിലെ യൂട്രെക്റ്റ് നഗരത്തില്‍ ട്രാമിനുള്ളില്‍ ആക്രമണം നടത്തിയ പ്രതി പിടിയില്‍. തുര്‍ക്കി വംശജനായ ഗോക്മെന്‍ ടാനിസ്(37) എന്നയാളാണ് പിടിയിലായത്. ഇയാളുടെ ചിത്രം പൊലീസ് ഇന്നലെ പുറത്ത് വിട്ടിരുന്നു. സംഭവസ്ഥലത്തിന് മൂന്ന് കിലോമീറ്റര്‍ അകലെ നിന്നാണ് ഇയാള്‍ പിടിയിലായത്. ട്രാമിനുള്ളില്‍ ഇയാള്‍ നടത്തിയ വെടിവയ്പ്പില്‍ മൂന്ന് പേരാണ് കൊല്ലപ്പെട്ടത്. ഒന്‍പത് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
ആക്രമണം നടത്തിയതിന് പിന്നാലെ ടാനിസ് സംഭവസ്ഥലത്ത് നിന്ന് രക്ഷപെട്ടിരുന്നു. അതേസമയം കുടുംബപ്രശ്നമാണ് ആക്രമണത്തിന് കാരണമെന്നും സൂചനയുണ്ട്. ട്രാമിലുണ്ടായിരുന്ന ഒരു സ്ത്രീയെ ലക്ഷ്യമിട്ടാണ് ഇയാള്‍ എത്തിയതെന്നും, ഇവരെ രക്ഷിക്കാന്‍ ശ്രമിച്ചര്‍ക്ക് നേരെയും അക്രമി വെടിയുതിര്‍ക്കുകയും ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്.
മരിച്ചവരുടെയോ പരിക്കേറ്റവരുടെയോ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. വെടിവയ്പ്പ് നടന്ന സ്ഥലത്തിന്റെ നിയന്ത്രണം ഏറ്റെടുത്തുവെന്നും സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്നും യൂട്രെക്റ്റ് പൊലീസ് ട്വിറ്ററിലൂടെ അറിയിച്ചു. വെടിവയ്പ്പിനെ തുടര്‍ന്ന് ട്രാം സര്‍വീസ് താത്കാലികമായി നിര്‍ത്തി വച്ചിരിക്കുകയാണ്.