India

ആഗോള ഭീകരപട്ടികയില്‍ ഉള്‍പ്പെടുത്തണം; മസൂദ് അസ്ഹറിനെതിരായ നീക്കങ്ങളെ പിന്തുണച്ച് ജര്‍മ്മനി

ന്യൂഡല്‍ഹി: ഭീകര സംഘടനയായ ജെയ്ഷ് ഇ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന ഇന്ത്യയുടെ ആവശ്യത്തിന് പിന്തുണയുമായി ജര്‍മ്മനിയും. മസൂദ് അസ്ഹറിനെ ആഗോള ഭീകരരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യവുമായി മുന്നോട്ട് പോകാന്‍ എല്ലാ വിധ പിന്തുണയും നല്‍കുമെന്ന് ജര്‍മ്മന്‍ എംബസി ഔദ്യോഗിക വകതാവ് ഹാന്‍സ് ക്രിസ്ത്യന്‍ വിംഗ്ലര്‍ പറഞ്ഞു. മസൂദിനെ ഭീകരപട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യത്തിന്മേല്‍ യൂറോപ്യന്‍ യൂണിയനില്‍ ചര്‍ച്ചകള്‍ നടന്നു കൊണ്ടിരിക്കുകയാണ്. ഈ നീക്കങ്ങളെ വളരെ അനുകൂലമായാണ് ജര്‍മ്മനി കാണുന്നത്. സുരക്ഷയേയും അന്താരാഷ്ട്ര നയങ്ങളേയും സംബന്ധിച്ചുള്ള എല്ലാ തീരുമാനങ്ങളും യൂറോപ്യന്‍ യൂണിയനിലെ എല്ലാ അംഗങ്ങളും ഒരുമിച്ചാണ് സ്വീകരിക്കുന്നത്. മസൂദിനെതിരെ ഫ്രാന്‍സ് സ്വീകരിക്കുന്ന നടപടികള്‍ക്കും പിന്തുണ അറിയിക്കുന്നതായി ക്രിസ്ത്യന്‍ വിംഗ്ലര്‍ പറഞ്ഞു.

മസൂദിനെതിരെയുള്ള ഇന്ത്യയുടെ നീക്കം ശക്തമായതോടെ തങ്ങളുടെ രാജ്യത്ത് മസൂദ് അസറിനുള്ള സ്വത്തുക്കള്‍ ഫ്രാന്‍സ് മരവിപ്പിച്ചിരുന്നു. നിലവില്‍ ചൈന മാത്രമാണ് മസൂദിനെതിരായ നീക്കങ്ങള്‍ക്ക് തടസ്സം നില്‍ക്കുന്നത്. പുല്‍വാമ ഭീകരാക്രമണത്തെത്തുടര്‍ന്ന് മസൂദിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി യു.എസ്, ബ്രിട്ടന്‍, ഫ്രാന്‍സ് എന്നീ രാജ്യങ്ങള്‍ കൊണ്ടുവന്ന പ്രമേയത്തെ വീറ്റോ അധികാരമുള്ള ചൈന പ്രമേയത്തെ എതിര്‍ത്ത് വോട്ട് ചെയ്തിരുന്നു. 15 അംഗങ്ങളുള്ള യുഎന്‍ രക്ഷാസമിതിയില്‍ ഒരംഗം എതിര്‍ത്തതിനാലാണ് മസൂദ് അസറിനെ ഭീകരപട്ടികയില്‍ ഉള്‍പ്പെടുത്താനുളള പ്രമേയത്തില്‍ തീരുമാനമെടുക്കാന്‍ കഴിയാത്തതെപോയത്.

മസൂദ് അസറിനെ ഭീകരനായി പ്രഖ്യാപിക്കാന്‍ ആവശ്യമായ തെളിവുകള്‍ ഉണ്ടെന്നാണ് അമേരിക്കയുടേയും നിലപാട്. മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാതിരിക്കുന്നത് സമാധാനത്തിനും സ്ഥിരതയ്ക്കും ഭീഷണിയാണെന്ന് യുഎസ് വ്യക്തമാക്കിയിരുന്നു. ജയ്‌ഷെ മുഹമ്മദ് ഭീകരവാദ സംഘടനയുടെ തലവന്‍ മസൂദ് അസ്റിനെതിരായ ഇന്ത്യയുടെ പോരാട്ടത്തിന് പൂര്‍ണ്ണ പിന്തുണയും യുഎസ് പ്രഖ്യാപിച്ചിരുന്നു.

368 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close