തിയേറ്റർ ഇളക്കി മറിക്കാനൊരുങ്ങുന്ന മോഹൻലാൽ ചിത്രം ലൂസിഫറിന്റെ ട്രെയിലർ പുറത്തിറങ്ങി. പ്രിഥ്വിരാജിന്റെ കന്നി സംവിധാന ചിത്രം കൂടിയാണ് ലൂസിഫർ. ചിത്രത്തിൽ സ്റ്റീഫൻ നെടുമ്പള്ളി എന്ന കഥാപാത്രമായാണ് മോഹൻലാൽ എത്തുന്നത്. സംഭവബഹുലമായ രാഷ്ട്രീയ കഥയാണ് ലൂസിഫർ പറയുന്നതെന്നാണ് ട്രെയിലറില്‍ നിന്ന് വ്യക്തമാകുന്നത്.
ആകാംക്ഷ നിറയ്ക്കുന്ന ട്രെയിലറിന് മികച്ച പ്രതികരണമാണ് സമൂഹമാദ്ധ്യമങ്ങളിൽ നിന്നടക്കം ലഭിക്കുന്നത്. രാഷ്ട്രീയത്തിലെ ഒരു വന്മരം വീഴുമ്പോള്‍ കൂടെ നിന്നവര്‍ പോലും ചതിയന്മരായി മാറുന്ന കാഴ്ചയിലൂടെ ട്രെയിലര്‍ മുന്നോട്ട് പോകുമ്പോള്‍ പകരമാര് എന്ന ചോദ്യത്തിന് ഉത്തരമാവുകയാണ് സ്റ്റീഫന്‍ നെടുമ്പള്ളി എന്ന മോഹന്‍ലാല്‍ കഥാപാത്രം.
മഞ്ജു വാര്യർ നായികയായി എത്തുന്ന ചിത്രത്തിൽ ബോളിവുഡ് താരം വിവേക് ഒബ്രോയ് ആണ് വില്ലനായി എത്തുന്നത്. ടൊവിനോ തോമസ്, ഇന്ദ്രജിത്ത്, മംമ്ത മോഹൻദാസ്, ക്വീൻ ഫെയിം സാനിയ, നൈല ഉഷ, കലാഭവൻ ഷാജോൺ, സായികുമാർ എന്നിവർ പ്രധാനവേഷത്തിലെത്തുന്നു.
പൊളിറ്റിക്കല്‍ ത്രില്ലര്‍ ഗണത്തില്‍ പെടുത്താവുന്ന ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് നടനും തിരക്കഥാകൃത്തുമായ മുരളി ഗോപിയാണ്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ലൂസിഫർ നിർമ്മിക്കുന്നത്. ചിത്രം ഈ മാസം 28 ന് തിയേറ്ററുകളിലെത്തും.