ഹിസാര്‍: കുഴല്‍ക്കിണറില്‍ വീണ ഒന്നര വയസുകാരനെ 48 മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ രക്ഷിച്ചു. സൈന്യവും നാട്ടുകാരും യോജിച്ച് നടത്തിയ രക്ഷാപ്രവര്‍ത്തനത്തിനൊടുവിലാണ് കുട്ടിയെ രക്ഷിച്ചത്. ഹരിയാനയിലെ ഹിസാറില്‍ ബുധനാഴ്ച രാത്രിയോടെയാണ് സംഭവം. 68 അടി താഴ്ചയുള്ള കിണറായിരുന്നു ഇത്. മറ്റു കുട്ടികള്‍ക്കൊപ്പം കളിച്ചു കൊണ്ടിരിക്കുന്നതിനിടെ അബദ്ധത്തില്‍ കാല് വഴുതി വീഴുകയായിരുന്നു.
വിവരമറിഞ്ഞതോടെ വീട്ടുകാര്‍ കുട്ടിയെ പുറത്തെത്തിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഇതിന് ശേഷമാണ് കുടുംബം പൊലീസിന്റെയും മറ്റും സഹായം തേടിയത്. ഇതിന് ശേഷമാണ് ദേശീയ ദുരന്ത നിവാരണ സേനയും, സൈന്യവും കുട്ടിയെ രക്ഷപെടുത്തുന്നതിനായി പ്രദേശത്ത് എത്തിയത്. കുട്ടി കുടുങ്ങിയ കുഴല്‍ കിണറിന് സമാന്തരമായി കുഴി നിര്‍മിച്ച ശേഷം ടണല്‍ നിര്‍മിച്ച് കുട്ടിയെ പുറത്തെത്തിക്കുകയായിരുന്നു. കുട്ടിയുടെ ദേഹത്തേക്ക് മണ്ണ് വീഴാതിരിക്കാനും സുരക്ഷ മുന്‍നിര്‍ത്തിയും വലിയ ഉപകരണങ്ങള്‍ ഉപയോഗിച്ചിരുന്നില്ല.
പ്രത്യേക ക്യാമറ വഴി കുട്ടിയുടെ നീക്കങ്ങള്‍ നിരീക്ഷിച്ചിരുന്നു. ഇതിന് പുറമെ കുഞ്ഞിന്റെ ജീവന് നിലനിര്‍ത്തുന്നതിനായി ആഹാര പദാര്‍ത്ഥങ്ങളും ഓക്സിജനും ലഭ്യമാക്കിയിരുന്നു. പുറത്തെത്തിച്ച ഉടനെ തന്നെ പ്രത്യേകമായി തയാറാക്കിയ ആംബുലന്‍സില്‍ കുട്ടിയെ ആശുപത്രിയിലെത്തിച്ചു. കുഞ്ഞിന്റെ ആരോഗ്യസ്ഥിതി പരിശോധിച്ച് വരികയാണെന്ന് ഹിസാര്‍ ഡിഎസ്പി പറഞ്ഞു.