ചെന്നൈ: ഐപിഎല്ലിലെ ഉദ്ഘാടന മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ ചെന്നൈ സൂപ്പർ കിംഗ്സിന് ഏഴ് വിക്കറ്റ് ജയം. 71 റൺസ് വിജയലക്ഷ്യം 14 പന്ത് ശേഷിക്കെ ചെന്നൈ മറികടന്നു. അമ്പാട്ടി റായിഡു 28 ഉം സുരേഷ് റെയ്ന 19 ഉം റൺസ് എടുത്തു. റെയ്ന ഐപിഎല്ലിൽ 5000 റൺസ് തികച്ചു. കേദാർ ജാദവ് 13 റൺസുമായി പുറത്താകാതെ നിന്നു.
ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂർ 18-ാം ഓവറിലെ ആദ്യ പന്തിൽ 70 റൺസിന് പുറത്തായി. 29 റൺസ് എടുത്ത പാർത്ഥിവ് പട്ടേലിന് ഒഴികെ ബാംഗ്ലൂർ നിരയിൽ മറ്റാർക്കും രണ്ടക്കം കാണാനായില്ല. നായകൻ വിരാട് കോഹ്‍ലി ആറും എബി ഡിവില്ലിയേഴ്സ് ഒൻപതും റൺസിനാണ് പുറത്തായത്. ഹർഭജൻ സിംഗും ഇമ്രാൻ താഹിറും മൂന്ന് വിക്കറ്റ് വീതം വീഴ്‌ത്തി. രവീന്ദ്ര ജഡേജ രണ്ട് വിക്കറ്റെടുത്തു.
നാളെ നടക്കുന്ന മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് – സൺറൈസേഴ്സ് ഹൈദരാബാദിനെയും, മുംബൈ ഇന്ത്യൻസ് – ഡൽഹി ക്യാപിറ്റൽസിനെയും നേരിടും.















