തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കേന്ദ്ര പ്രതിരോധ മന്ത്രി നിർമ്മല സീതാരാമൻ ചൊവ്വാഴ്ച കേരളത്തിലെത്തും. തിരുവനന്തപുരത്തെ എൻഡിഎ സ്ഥാനാർത്ഥി കുമ്മനം രാജശേഖരന്റെ തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുന്നതിനായാണ് നിർമ്മല സീതാരാമൻ എത്തുന്നത്. ചൊവ്വാഴ്ച വൈകുന്നേരം 5 മണിക്ക് പുത്തരിക്കണ്ടം മൈതാനിയിലാണ് കൺവെൻഷൻ.
മിസോറം മുൻ ഗവർണർ കുമ്മനം രാജശേഖരൻ മത്സരിക്കുന്നതിനാൽ തന്നെ ദേശീയ ശ്രദ്ധയാകർഷിക്കുന്ന മണ്ഡലം കൂടിയാണ് തിരുവനന്തപുരം. സിറ്റിംഗ് എംപിയും ശശി തരൂരും നെടുമങ്ങാട് എംഎൽഎ സി ദിവാകരനുമാണ് കുമ്മനത്തിന്റെ എതിരാളികൾ.
കേരളത്തിൽ ഇത്തവണ ബിജെപിയ്ക്ക് അനുകൂല സാഹചര്യമുള്ളതിനാൽ കൂടുതൽ കേന്ദ്രനേതാക്കളെയും കേന്ദ്ര മന്ത്രിമാരെയും വരുന്ന ദിവസങ്ങളിൽ എത്തിച്ച് പ്രചാരണ രംഗത്ത് മേൽക്കോയ്മ നേടാനുള്ള ഒരുക്കത്തിലാണ് പാർട്ടി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി ദേശീയ അദ്ധ്യക്ഷൻ അമിത് ഷായും പ്രചാരണത്തിനായി കേരളത്തിൽ എത്തിയേക്കും.