മോഹൻലാൽ നായകനാകുന്ന ഏറ്റവും പുതിയ ചിത്രം ലൂസിഫറിൽ പ്രധാനവേഷത്തിൽ ചിത്രത്തിന്റെ സംവിധായകൻ കൂടിയായ പ്രിഥ്വിരാജും എത്തുന്നു. സയിദ് മസൂദ് എന്ന കഥാപാത്രമായാണ് പ്രിഥ്വി എത്തുക. മോഹൻലാലാണ് പ്രഥ്വിരാജിന്റെ ചിത്രമുള്ള ക്യാരക്ടർ പോസ്റ്റർ പുറത്തിറക്കിയത്.
ചിത്രത്തിലെ താരങ്ങളെ പരിചയപ്പെടുത്തിക്കൊണ്ട് ദിവസേന ഓരോ ക്യാരക്ടർ പോസ്റ്റർ മോഹൻലാലിന്റെ ഫേസ്ബുക് പേജിലൂടെ പുറത്തിറക്കിയിരുന്നു. 27-ാം പോസ്റ്റർ ഇന്ന് പുറത്തിറക്കുമെന്ന് മോഹൻലാൽ പോസ്റ്റിട്ടതോടെ ആരാധകർ ആകാംക്ഷയിലായിരുന്നു. ഇതിന് വിരാമമിട്ടുകൊണ്ടാണ് പ്രഥ്വിയുടെ പോസ്റ്റർ പുറത്തിറങ്ങിയത്.
പ്രിഥ്വിരാജിന്റെ കന്നി സംവിധാന ചിത്രം കൂടിയാണ് ലൂസിഫർ. ചിത്രത്തിൽ സ്റ്റീഫൻ നെടുമ്പള്ളി എന്ന കഥാപാത്രമായാണ് മോഹൻലാൽ എത്തുന്നത്. സംഭവബഹുലമായ രാഷ്ട്രീയ കഥയാണ് ലൂസിഫർ പറയുന്നതെന്നാണ് ട്രെയിലറില്‍ നിന്ന് വ്യക്തമാകുന്നത്.
മഞ്ജു വാര്യർ നായികയായി എത്തുന്ന ചിത്രത്തിൽ ബോളിവുഡ് താരം വിവേക് ഒബ്രോയ് ആണ് വില്ലനായി എത്തുന്നത്. ടൊവിനോ തോമസ്, ഇന്ദ്രജിത്ത്, മംമ്ത മോഹൻദാസ്, ക്വീൻ ഫെയിം സാനിയ, നൈല ഉഷ, കലാഭവൻ ഷാജോൺ, സായികുമാർ എന്നിവർ പ്രധാനവേഷത്തിലെത്തുന്നു.
പൊളിറ്റിക്കല്‍ ത്രില്ലര്‍ ഗണത്തില്‍ പെടുത്താവുന്ന ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് നടനും തിരക്കഥാകൃത്തുമായ മുരളി ഗോപിയാണ്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ലൂസിഫർ നിർമ്മിക്കുന്നത്. ചിത്രം ഈ മാസം 28 ന് തിയേറ്ററുകളിലെത്തും.