Movie ReviewsEntertainment

ലൂസിഫർ അഥവാ കംപ്ലീറ്റ് മോഹൽലാൽ മൂവി | REVIEW

എം നിഖിൽ കുമാർ

അവതാര പിറവിയുടെ മുഴുവൻ രൗദ്ര ഭാവങ്ങളും ആവാഹിച്ച ആ മൂർത്തിക്ക് ഇപ്പോ പേര് ‘സ്റ്റീഫൻ നെടുമ്പള്ളി’ എന്നാണ്….

ലൂസിഫർ കണ്ടിറങ്ങിയ ഒട്ടുമിക്ക ആരാധകരും ഫേസ്ബുക്കിൽ ഇങ്ങനെ കുറിച്ചിട്ടുണ്ടാകും. അതേ ആ മൂർത്തിക്ക് ഇപ്പോൾ പേര് സ്റ്റീഫൻ നെടുമ്പള്ളി എന്നുതന്നെയാണ്. സാഗർ ഏലിയേസ് ജാക്കി, ജഗന്നാഥൻ, മംഗലശ്ശേരി നീലകണ്ഠൻ, പൂവള്ളി ഇന്ദുചൂടൻ, അങ്ങനെ ഏതൊരു മലയാളിക്കും സുപരിചിതമായ ലാൽ കഥാപാത്രങ്ങളുടെ നിരയിലേക്ക് തലയുയർത്തിപ്പിടിച്ച് തന്നെയാണ് ഹൈറേഞ്ചുകാരനായ സ്റ്റീഫൻ നെടുമ്പള്ളിയും കടന്നു വരുന്നത്.

Loading...

മോഹൻലാൽ ആരാധകൻ അണിയിച്ചൊരുക്കിയ ഒരു കംപ്ലീറ്റ് മോഹൻലാൽ മൂവി എന്ന് ലൂസിഫറിനെ ഒറ്റവാചകത്തിൽ നിർവചിക്കാം. ലാൽ ആരാധകർക്കും ഒരു ശരാശരി മലയാളിയ്ക്കും വേണ്ട എല്ലാ ചേരുവകളും കൃത്യമായ അളവിൽ തന്നെ ചേർത്താണ് പ്രിഥ്വിരാജ് പടം അണിയിച്ചൊരുക്കിയിരിക്കുന്നത്. കൃത്യമായി കണക്കുകൂട്ടി അളന്നുമുറിച്ച് എടുത്തിരിക്കുന്നതാണ് ചിത്രത്തിന്റെ ഓരോ ഫ്രെയിമുകളും.

ചിത്രത്തിന്റെ റിലീസിംഗിന് മുന്നോടിയായി 27 ക്യാരക്ടർ പോസ്റ്ററുകൾ അണിയറ പ്രവർത്തകർ പുറത്തിറക്കിയിരുന്നു. ഇതിൽ ഓരോ താരങ്ങളും തങ്ങളുടെ കഥാപാത്രത്തോട് നീതി പുലർത്തിയെന്ന് തന്നെ പറയാം. ചെറുതെങ്കിലും തങ്ങളുടെ റോൾ ഓരോരുത്തരും മനോഹരമാക്കി. ഒപ്പം മോഹൻലാൽ എന്ന നടനെ പൂർണമായും ഉപയോഗിക്കാൻ തിരക്കഥാകൃത്തിനും സംവിധായകനുമായി എന്നത് ചിത്രത്തിന്റെ മാറ്റുകൂട്ടുന്നു. മുരളി ഗോപിയുടേതാണ് തിരക്കഥ.

നാളത്തെ തലമുറയെ വഴിതെറ്റിക്കുന്ന നാര്‍ക്കോട്ടിക്സ് (ലഹരി) കച്ചവടത്തിന് അന്നും ഇന്നും ഞാന്‍ എതിരാണ് എന്ന സാഗർ ഏലിയാസ് ജാക്കിയുടെ സൂപ്പർ ഡയലോഗ് ഒരിക്കൽ കൂടി ലാലേട്ടന്റെ നാവിലൂടെ പുനർജനിക്കുന്നുണ്ട്. ഒപ്പം നരസിംഹത്തിലെ ഡയലോഗും രാവണപ്രഭുവിലെ പാട്ടും ചിത്രത്തിനിടയിൽ കടന്നുവരുന്നുണ്ട്.

കേരള മുഖ്യമന്ത്രി പികെ രാംദാസിന്റെ കുടുംബത്തെ ചുറ്റിപ്പറ്റിയാണ് കഥ വികസിക്കുന്നത്. രാം ദാസിന്റെ  മരണത്തോടെയാണ് ചിത്രം ആരംഭിക്കുന്നത്. രാംദാസ് അകാലത്തിൽ മരിച്ചതോടെ അദ്ദേഹത്തിന്റെ പിൻഗാമിയാര് എന്ന ചോദ്യം എത്തി നിൽക്കുന്നത് അഞ്ച് പേരുകളിൽ. രാംദാസിന്റെ മൂത്തമകൾ പ്രിയദർശിനി രാംദാസ്, മരുമകൻ ബോബി, ഇളയമകൻ ജതിൻ രാംദാസ്, രാംദാസിന്റെ വിശ്വസ്തനായ മഹേന്ദ്ര വർമ, സ്റ്റീഫൻ നെടുമ്പള്ളി. ഇതിൽ അപ്രതീക്ഷിതമായി ഒരാൾ മുഖ്യമന്ത്രിയാകുന്നതോടെ കഥ പുതിയ തലത്തിലേക്ക് മാറുന്നു.

രാംദാസായി എത്തുന്നത് സച്ചിൻ ഖഡേക്കറാണ്. മൂത്ത മകൾ പ്രിയദർശിനിയായി മഞ്ജു വാര്യരും മരുമകനായി വിവേക് ഒബ്രോയിയും ഇളയ മകനായി ടൊവിനോയും എത്തുന്നു. ഇവർക്ക് പുറമേ ഇന്ദ്രജിത് , സായികുമാർ, നന്ദു, ബൈജു, കലാഭവൻ ഷാജോൺ, സാനിയ, നൈല ഉഷ, ജോൺ വിജയ്, ശിവജി ഗുരുവായൂർ, ജിജു ജോണ്‍, അനീഷ് ജി. മേനോൻ, തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ നിറഞ്ഞു നിൽക്കുന്നു.

ഇതിനെല്ലാം പുറമേ സംവിധായകൻ തന്നെ ചിത്രത്തിലെ നിർണായകമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുമുണ്ട്. സയീദ് മസൂദ് എന്ന ഗാങ്സ്റ്ററായാണ് പൃഥ്വിരാജ് ചിത്രത്തിലെത്തുന്നത്. ആദ്യ ചിത്രമെന്ന നിലയിൽ തീർച്ചയായും പ്രിഥ്വിരാജ് പ്രശംസയർഹിക്കുന്നു.

പിന്നീട് എടുത്ത് പറയേണ്ടത് ഛായാഗ്രഹണമാണ്. പ്രിഥ്വിരാജിന്റെ ചങ്ങാതി കൂടിയായ സുജിത് വാസുദേവാണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. ഓരോ ഫ്രെയിമുകളിലും സംവിധായകനും ക്യാമറാമാനുമായുള്ള രസതന്ത്രം പ്രേക്ഷകർക്ക് ആസ്വദിക്കാനാകും. ദീപക് ദേവിന്റെ പശ്ചാത്തല സംഗീതം ചിത്രത്തിന് കൂടുതൽ കരുത്ത് പകരുന്നുണ്ട്. ഒപ്പം സാങ്കേതികമായ എല്ലാ മേഖലയിലും ചിത്രം മികച്ച നിലവാരം പുലർത്തുന്നു.

എന്തായാലും ലാലേട്ടൻ ആരാധകരുടെ കാത്തിരിപ്പ് വെറുതെയായില്ല. പ്രിഥ്വി പറഞ്ഞതിലും ഒരുപിടി മുന്നിൽ തന്നെയാണ് ലൂസിഫർ. ഒരു ലാൽ ആരാധകൻ അണിയിച്ചൊരുക്കിയ കംപ്ലീറ്റ് മോഹൻലാൽ മൂവി.

എം നിഖിൽ കുമാർ

2K Shares

Scroll down for comments

Loading...

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..

Back to top button
Close