മണിരത്നം സംവിധാനം ചെയ്യുന്ന ചരിത്ര സിനിമയില്‍ വന്‍ താരനിര അണിനിരക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ പൊന്നിയില്‍ സെല്വന് എന്ന കൃതിയെ ആസ്പദമാക്കിയാണ് മണിരത്നം തന്റെ ബിഗ് ബജറ്റ് ചിത്രം ഒരുക്കുന്നത്. ചോള സാമ്രാജ്യത്തിലെ രാജാവായിരുന്ന രാജരാജ ചോളന് ഒന്നാമനെ കുറിച്ചുള്ളതാണ് കൃതി.
അമിതാഭ് ബച്ചന്, ഐശ്വര്യ റായ്, വിക്രം, മോഹന്‍ ബാബു, ജയം രവി, കീര്‍ത്തി സുരേഷ് തുടങ്ങി ഒരു വലിയ താരനിരതന്നെ ചിത്രത്തില്‍ അണിനിരക്കുന്നു.
നോവലിലെ പ്രധാന കഥാപാത്രമായ നന്ദിനി എന്ന കഥാപാത്രത്തിന് ജീവന് നല്‍കുന്നത് മുന്‍ വിശ്വസുന്ദരി ഐശ്വര്യ റായ് ആയിരിക്കും. നോവലിലെ കഥാപാത്രമായ പെരിയ പാഴുവേത രായരെ മറ്റുള്ളവരുടെ നിര്‍ബന്ധത്താല്‍ വിവാഹം കഴിക്കേണ്ടി വരുന്ന നന്ദിനിയുടെ പക ചിത്രത്തിന് ഉണര്‍വേകും. തെലുങ്കു നടന് മോഹന്‍ ബാബുവാണ് പാഴുവേത രായരെ വിസ്മയമാക്കുന്നത്.
ആദിത്യ കരികാലനായി വിക്രമും, അരുള്‍മൊഴി വര്‍മ്മ(രാജരാജ ചോളന് ഒന്നാമന്)നായി ജയം രവിയും ചിത്രത്തില്‍ മാറ്റുരയ്ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
പൊന്നിയിന്‍ സെല്‍വനെ അഭ്രപാളിയിലെത്തിക്കാന്‍ നേരത്തെ എംജിആറും കമലഹാസനും ശ്രമിച്ചിരുന്നു. എന്നാല്‍ സാമ്പത്തിക പ്രസിസന്ധി മൂലം ചിത്രം ഉപേക്ഷിക്കുകയായിരുന്നു.
മണിരത്നവും 2012 മുതല്‍ ചിത്രത്തിന്റെ പ്രാരംഭ ചര്‍ച്ചകള്‍ ആരംഭിച്ചിരുന്നെങ്കിലും പല കാരണങ്ങളാല്‍ നീണ്ട് പോകുകയായിരുന്നു. ചിത്രം വെള്ളിവെളിച്ചത്തിലെത്തുമ്പോള് മണിരത്നത്തിന് തന്റെ സ്വപ്ന പദ്ധതിയുടെ സാക്ഷാത്കാരം.
പൊന്നിയിന്‍ സെല്‍വനെന്ന നോവല്‍ യാഥാര്‍ത്ഥ്യമാക്കാനും കല്‍ക്കി കൃഷ്ണമൂര്‍ത്തിക്ക് മൂന്നു വര്‍ഷമെടുത്തിരുന്നു.
ലൈക പ്രൊഡക്ഷന്‍സ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രം നിര്‍മ്മിക്കുക റെക്കോഡ് തുകയ്ക്കാവുമെന്നാണ് കണക്ക് കൂട്ടല്‍.
അരവിന്ദ് സ്വാമി, വിജയ്സേതുപതി,ചിമ്പു, അരുണ്‍, ജ്യോതിക, അതിഥി റാവു, പ്രകാശ് രാജ് എന്നീ താരങ്ങളെ അണിനിരത്തി കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയ സെക്കസിവന്ത വാനം എന്ന ചിത്രമാണ് മണിരത്നത്തിന്റേതായി അവസാനം പുറത്തിറങ്ങിയ ചിത്രം. ചിത്രം മികച്ച സാമ്പത്തിക ലാഭം നേടിയിരുന്നു.