ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിതകഥ പറയുന്ന ചിത്രം ‘പിഎം നരേന്ദ്രമോദി’യുടെ റിലീസ് തടയണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി. കേസില്‍ ഇടപെടാനാകില്ലെന്ന് വ്യക്തമാക്കിയ കോടതി, സിനിമ പെരുമാറ്റച്ചട്ടലംഘനമാണോ എന്ന് തീരുമാനിക്കേണ്ടത് തിരഞ്ഞെടുപ്പ് കമ്മീഷനാണെന്നും വ്യക്തമാക്കി. തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് ചിത്രം പുറത്തിറക്കുന്നത് പെരുമാറ്റച്ചട്ടലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജി. സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് നല്കിയിട്ടില്ലാത്ത സാഹചര്യത്തില്‍ കേസില്‍ ഇടപെടാനാകില്ലെന്ന് കോടതി ഇന്നലെയും വ്യക്തമാക്കിയിരുന്നു.
ഈ മാസം 12നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. ഹിന്ദി, തമിഴ്, തെലുങ്ക് എന്നീ മൂന്ന് ഭാഷകളില്‍ ചിത്രം അഭ്രപാളിയിലെത്തും. വിവേക് ഒബ്റോയിയാണ് നരേന്ദ്രമോദിയുടെ വേഷത്തില്‍ എത്തുന്നത്. ചായ വില്‍പ്പനക്കാരനില്‍ നിന്നും ഇന്ത്യന്‍ പ്രധാനമന്ത്രി പദം വരെ എത്തിയ നരേന്ദ്രമോദിയുടെ ജീവിതമാണ് ചിത്രത്തില്‍ കാണിക്കുന്നത്. ചിത്രത്തിന്റെ ട്രെയിലറിനും ആദ്യ ഗാനത്തിനും വലിയ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്.