ചെന്നൈ: ഒരു ട്വീറ്റിന്റെ പേരില്‍ പുലിവാലുപിടിച്ച് നടി കസ്തൂരി. കഴിഞ്ഞ ഐപിഎല്‍ ക്രിക്കറ്റ് മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ചെന്നൈ സൂപ്പര്‍ കിങ്ങ്സ് അട്ടിമറി വിജയം നേടിയിരുന്നു. ഈ കളിയെ എംജിആറിന്റെ അഭിനയത്തോടുപമിച്ച ട്വീറ്റാണ് വിവാദമായത്. പല്ലാണ്ടു വാഴും എന്ന ചിത്രത്തില്‍ എംജിആര്‍ ലതയെ പ്രേമിക്കുന്ന പോലെയാണ് ചെന്നൈ സൂപ്പര്‍ കിങ്ങ്സ് പന്തിനെ പ്രേമിക്കുന്നത് എന്നായിരുന്നു ട്വീറ്റ്. ഇതിനെതിരെ നടികര്‍ സംഘം കാരണം കാണിക്കല്‍ നോട്ടിസ് നല്‍കിയതോടെ നടി താന്‍ പറഞ്ഞതില്‍ ഖേദമറിയിച്ചു.
ഇതിനു പിന്നാലെ പല്ലാണ്ടു വാഴും എന്ന ചിത്രത്തിലെ നടി ലത, കസ്തൂരിക്കെതിരെ കടുത്ത വിമര്‍ശനവുമായി രംഗത്തെത്തി. നാലര പതിറ്റാണ്ടായി താന്‍ സിനിമയിലുണ്ട് ഇതു വരെ തന്നെക്കുറിച്ച് ഇത്തരം പരാമര്‍ശം നടത്തിട്ടില്ല. അതുമല്ല എംജിആറിനെപ്പോലെ മഹാനായ നടനെതിരെ ഇത്തരം മോശം പരാമര്‍ശം നടത്താന്‍ എങ്ങനെ ധൈര്യം വന്നു എന്ന് ലത ചോദിച്ചു.ഒട്ടേറെ ആരാധകരും കസ്തൂരിയെ വിമര്‍ശിച്ച് രംഗത്തെത്തി. ഇതോടെയാണ് നടി ഖേദമറിയിച്ച് ട്വീറ്റ് ചെയ്തത്.
എംജിആര്‍ മനോഹരമായി പ്രേമ രംഗത്തില്‍ അഭിനയിക്കുന്നയാളാണ്. അദ്ദേഹത്തിന്റെ ലക്ഷക്കണക്കിന് ആരാധകരില്‍ ഒരാളാണ് ഞാനും. അദ്ദേഹത്തിന്റെ അഭിനയമികവുമായി ബന്ധപ്പെട്ട് ഒരു ഉദാഹരണം നല്‍കിയതില്‍ എന്താണ് തെറ്റ്. ഒരു തരത്തിലും അദ്ദേഹത്തെ വിമര്‍ശിക്കുക എന്റെ ഉദ്ദേശ്യമായിരുന്നില്ല. ആരുടെയെങ്കിലും വികാരത്തെ വ്രണപ്പെടുത്തിയെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നു- കസ്തൂരി ട്വീറ്റ് ചെയ്തു.