ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിക്കെതിരെ ബിജെപി ക്രിമിനല്‍ കോടതിയലക്ഷ്യ ഹര്‍ജി നല്കി. റഫാലില്‍ പ്രധാനമന്ത്രി അഴിമതി നടത്തിയെന്ന് സുപ്രീംകോടതി കണ്ടെത്തിയെന്നായിരുന്നു രാഹുലിന്റെ പ്രസ്താവന. കാവല്ക്കാരന് കള്ളനാണെന്ന് സുപ്രീംകോടതി പറഞ്ഞുവെന്നും രാഹുല്‍ ആരോപിച്ചിരുന്നു. ബിജെപിക്ക് വേണ്ടി മീനാക്ഷി ലേഖി എംപിയാണ് ഹര്‍ജി നല്‍കിയത്. രാഹുല്‍ തന്റെ പ്രസ്താവനകളിലൂടെ രാജ്യത്തെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും, രാഹുലിനെതിരെ നടപടി വേണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. സുപ്രീംകോടതി പറഞ്ഞതിനെ രാഹുല്‍ ദുര്‍വ്യാഖ്യാനിക്കുകയാണെന്നും മീനാക്ഷി ലേഖി വ്യക്തമാക്കി. ഹര്‍ജിയില്‍ കോടതി തിങ്കളാഴ്ച വാദം കേള്‍ക്കും.
വിവിധ കേന്ദ്രനേതാക്കള്‍ രാഹുലിന്റെ പ്രസ്താവനക്കെതിരെ രംഗത്ത് വന്നിരുന്നു. റഫേല്‍ ഇടപാടില്‍ അഴിമതി ആരോപിക്കുന്നതിലൂടെ രാഹുല്‍ കോടതി അലക്ഷ്യമാണ് നടത്തിയിരിക്കുന്നതെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മ്മല സീതാരാമനും പറഞ്ഞിരുന്നു. പുനപരിശോധന ഹര്‍ജിയില്‍ ഇനിയും തീരുമാനമായിട്ടില്ല. വിധി മുഴുവന്‍ വായിക്കാതെയുള്ള പ്രസ്താവനയാണ് രാഹുല്‍ നടത്തുന്നത്. കാവല്ക്കാരന് കള്ളനാണെന്ന് പറഞ്ഞുവെന്നുള്ള ആരോപണം ശുദ്ധ അസംബന്ധമാണ്. അഴിമതിക്കേസുകളില്‍ ജാമ്യം തേടി നടക്കുന്ന ഒരു നേതാവാണ് പ്രധാനമന്ത്രിക്കെതിരെ ആരോപണങ്ങള്‍ ഉയര്‍ത്തുന്നത്. റാഫേല്‍ ഇടപാടില്‍ അഴിമതി നടന്നതായി കോടതി ഒരിടത്തും പറഞ്ഞിട്ടില്ല. രാഹുല്‍ വിഷയത്തില്‍ തെറ്റായ പ്രചാരണമാണ് നടത്തുന്നതെന്നും നിര്‍മല സീതാരാമന് വ്യക്തമാക്കി.
മോഷ്ടിക്കപ്പെട്ട രേഖകള്‍ റിവ്യു ഹര്‍ജിക്കൊപ്പം പരിഗണിക്കുമെന്നാണ് കോടതി പറഞ്ഞത്. കോടതി ആവശ്യപ്പെട്ട എല്ലാ രേഖകളും അവിടേക്ക് കൈമാറിയിട്ടുണ്ട്. മറിച്ചു നടത്തുന്ന ആരോപണങ്ങള്‍ തെറ്റാണ്. റഫേലുമായി ബന്ധപ്പെട്ടുള്ള ഏത് ചര്‍ച്ചയ്ക്കും സര്‍ക്കാര്‍ തയാറാണ്. കോടതി ഉത്തരവുമായി ബന്ധപ്പെട്ട് രാഹുല്‍ നടത്തുന്ന പ്രസ്താവനകള്‍ മര്യാദയുടെ സീമകള്‍ ലംഘിക്കുന്നത്. കോടതി ഒരിക്കലും പറയാത്ത കാര്യങ്ങളാണ് രാഹുല്‍ ഇപ്പോള്‍ പറഞ്ഞു കൊണ്ടിരിക്കുന്നതെന്നും നിര്‍മല സീതാരാമന് പറഞ്ഞു.