MovieEntertainment

കാത്തിരിപ്പിന് വിരാമമാകുന്നു ; വിന്റർ ഈസ് കമിംഗ്

ലോകമെങ്ങുമുള്ള ആരാധകരുടെ ഒരു വർഷം നീണ്ട കാത്തിരിപ്പിന് വിരാമമാവുകയാണ്. ജോൺ സ്നോയും ആര്യ സ്റ്റാർക്കും സെർസി ലാനിസ്റ്ററും ഡനേറിസ് ടാർഗേറിയനും ജൈമി ലാനിസ്റ്ററുമെല്ലാം ഏതാനും മണിക്കൂറുകൾക്കുള്ളിൽ ടിവിയും മൊബൈലും ലാപ്ടോപ്പും ടാബുമൊക്കെ കീഴടക്കാൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കി. കോടിക്കണക്കിന് ആരാധകരുള്ള പ്രസിദ്ധ സീരിയൽ ഗെയിം ഓഫ് ത്രോൺസിന്റെ അവസാന സീസണിലെ ആദ്യ എപ്പിസോഡ് ഇന്ത്യൻ സമയം ഏപ്രിൽ 15 ന് രാവിലെ ആറരയോടെ സംപ്രേഷണം ചെയ്യും.

ജോർജ്ജ്.ആർ.ആർ മാർട്ടിന്റെ എ സോംഗ് ഓഫ് ഐസ് ആൻഡ് ഫയർ എന്ന ഫാന്റസി നോവലിനെ ആസ്പദമാക്കി നിർമ്മിക്കപ്പെട്ട സീരിയലാണ് ഗെയിം ഓഫ് ത്രോൺസ്. 2011 ഏപ്രിൽ 17 നാണ് ആദ്യ എപ്പിസോഡ് എച്ച്.ബി.ഒയിലൂടെ പ്രേക്ഷകരിലേക്കെത്തിയത്. തുടർന്ന് ഇങ്ങോട്ട് 7 സീസണുകൾ ഓരോവർഷവും അനുവാചകരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തി പുറത്തിറങ്ങി. ഒന്നു മുതൽ ആറുവരെ സീസണുകളിൽ 10 എപ്പിസോഡുകളും ഏഴാം സീസണിൽ ഏഴ് എപ്പിസോഡുകളുമാണ് ഇതുവരെ സം‌പ്രേഷണം ചെയ്തത്.ഏഴാം സീസണിലെ അവസാന എപ്പിസോഡ് വന്നത് 2017 ഓഗസ്റ്റ് 27 നായിരുന്നു.പിന്നീടിങ്ങോട്ട് ഒരു വർഷവും ഏഴുമാസവും നീണ്ടു നിന്ന കാത്തിരിപ്പിനു ശേഷമാണ് ആരാധകർക്ക് ആവേശമായി അവസാന സീസൺ എത്തുന്നത്.

വെസ്റ്ററോസ് എന്ന സാങ്കൽപ്പിക ഭൂഖണ്ഡത്തിന്റെ അധികാരവുമായി ബന്ധപ്പെട്ട പോരാട്ടങ്ങളാണ് ഗെയിം ഓഫ് ത്രോൺസിന്റെ പ്രമേയം. കിംഗ്സ്‌ലാൻഡിലെ അയൺത്രോൺ അഥവാ ഇരുമ്പ് സിംഹാസനം ലക്ഷ്യമിടുന്ന പ്രഭുക്കന്മാരുടെ ത്രസിപ്പിക്കുന്ന പോരാട്ടങ്ങളാണ് സീരിയലിന്റെ സവിശേഷത. സെക്സും വയലൻസും ആവോളമുണ്ടെങ്കിലും അതൊന്നും കഥയുടെ ഗതിയിൽ മുഴച്ചു നിൽക്കുന്നില്ല എന്നത് സീരിയലിനെ വ്യത്യസ്തമാക്കുന്നു. മരിച്ചവരുടെ സൈന്യം എല്ലാവരേയും കീഴടക്കാൻ എത്തുന്നതും വെസ്റ്ററോസിനെ ആക്രമണത്തിൽ നിന്നും അതുവരെ രക്ഷിച്ചിരുന്ന വന്മതിൽ തകർക്കുന്നതുമായിരുന്നു കഴിഞ്ഞ സീസണിന്റെ അവസാനം.

മരിച്ചവരും ജീവിച്ചിരിക്കുന്നവരും തമ്മിലാണ് അവസാന പോരാട്ടമെങ്കിലും ഒട്ടേറെ ഉപകഥകളും പോരാട്ടങ്ങളുമൊക്കെ പ്രേക്ഷകനെ ആകാംക്ഷാഭരിതമാക്കാൻ പര്യാപ്തമാണ്. അവസാന പോരാട്ടത്തിലേക്കെത്തിയപ്പോൾ പ്രധാനമായും അഞ്ച് പ്രഭു വംശങ്ങളാണ് നിലനിൽക്കുന്നത്. ആര്യൻ , ഗ്രേജോയ് , ലാനിസ്റ്റർ , സ്റ്റാർക്ക് , ടാർഗേറിയൻ എന്നിവയാണവ. ഇതിൽ സ്റ്റാർക്കും ലാനിസ്റ്ററും ടാർഗേറിയനുമാണ് ഇപ്പോൾ ശക്തർ. സീരിയലിലെ പ്രധാന കഥാപാത്രങ്ങളായ ജോൺ സ്നോയും ഡനേറിസ് ടാർഗേറിയനും ടാർഗേറിയൻ കുടുംബത്തിൽ നിന്നാണ്. നിലവിൽ ഇരുമ്പ് സിംഹാസനത്തിന്റെ ഭരണാധിപയായ സെർസി ലാനിസ്റ്റർ , അവരുടെ സഹോദരങ്ങളായ ജെയ്മി , ടിറിയൻ എന്നിവർ ലാനിസ്റ്റർ കുടുംബത്തിലെ അംഗങ്ങളാണ്.

ഗെയിം ഓഫ് ത്രോൺസിലെ ആരാധക പ്രശംസ നേടിയ മറ്റൊരു കഥാപാത്രം ആര്യ സ്റ്റാർക്ക് , നിലവിൽ സ്റ്റാർക്ക് പ്രഭു വംശത്തിന്റെ ഭരണാധിപ സാൻസ സ്റ്റാർക്ക് ,അവരുടെ സഹോദരൻ ബ്രാൻ സ്റ്റാർക്ക് എന്നിവരാണ് സ്റ്റാർക്ക് കുടുംബത്തിൽ ബാക്കിയുള്ളത്. മരിച്ചവരുടെ രാജാവായ നൈറ്റ് കിംഗ് വന്മതിൽ തകർത്ത് എത്തുമ്പോൾ അവസാന പോരാട്ടത്തിന് എല്ലാവരേയും ഒരുമിപ്പിക്കാനുള്ള ശ്രമത്തിലാണ് സ്റ്റാർക്ക് കുടുംബം . ഇവരെ സഹായിക്കാൻ ടാർഗേറിയൻ കുടുംബവും കൂടെയുണ്ട്. ലാനിസ്റ്റർ കുടുംബത്തിൽ നിന്ന് ടിറിയനും ജെയ്മിയും അവസാന പോരാട്ടത്തിന് ഒരുമിച്ച് നിൽക്കണമെന്ന പക്ഷക്കാരാണ്. എന്നാൽ അയൺ ത്രോണിലിരുന്ന് നിലവിൽ ഭരണം നടത്തുന്ന സെർസി ലാനിസ്റ്റർ പഴയതൊന്നും മറക്കാൻ തയ്യാറല്ല. നൈറ്റ് കിംഗ് തന്റെ ശത്രുക്കളെ ഇല്ലാതാക്കട്ടെയെന്നാണ് സെർസി ആഗ്രഹിക്കുന്നത്.

മനുഷ്യർക്കൊപ്പം അമാനുഷിക ശക്തികളും ഫാന്റസി കഥാപാത്രങ്ങളും ഒക്കെയുള്ള ഗെയിം ഓഫ് ത്രോൺസിൽ ഡ്രോഗോൺ , വിസേറിയോൺ, റേഗൽ എന്നീ മൂന്ന് ഡ്രാഗണുകളും നിർണായക പങ്കു വഹിക്കുന്നു.ഡെനേറിസ് ടാർഗേറിയൻ സ്വന്തം കുട്ടികളായി കരുതുന്നവരാണിവർ. ഏഴാം സീസണിൽ വിസേറിയോണെ നൈറ്റ് കിംഗ് വധിച്ചു. തുടർന്ന് മരിച്ചവരുടെ സൈന്യത്തിലേക്ക് ചേർക്കപ്പെട്ട വിസേറിയോൺ ആണ് തീതുപ്പി വെസ്റ്ററോസിന് കവചമായി നിന്ന വന്മതിൽ തകർത്തത്.

അവസാന പോരാട്ടം ആറു സീസണുകളിൽ പ്രേക്ഷകരിലേക്കെത്തുമ്പോൾ ഉദ്വേഗം ജനിപ്പിക്കുന്ന തരത്തിലാണ് സീരിയലിന്റെ ട്രെയിലറും. യൂട്യൂബിൽ ഇതുവരെ 55 മില്യൺ വ്യൂസ് ആണ് ട്രെയിലറിനു ലഭിച്ചത്. ആദ്യ എപ്പിസോഡ് 2011 ൽ പുറത്തിറങ്ങിയപ്പോൾ അമേരിക്കയിൽ 2.2 ദശലക്ഷം പേരാണ് കണ്ടതെങ്കിൽ അത് അവസാന സീസണായപ്പോഴേക്കും 12 ദശക്ഷത്തിലെത്തി. ഇത് അമേരിക്കയിലെ മാത്രം കാണികളുടെ കണക്കാണ്. ലോകമെങ്ങും സീരിയലിന്റെ ആരാധകരുള്ളതിനാൽ കാഴ്ച്ചക്കാരുടെ എണ്ണം ബില്യണിലേക്കെത്തും.

അവസാന സീസണെത്തുമ്പോൾ വയലൻസിന്റെ അതിപ്രസരമായിരിക്കും അടുത്ത രണ്ട് മാസങ്ങൾക്കുള്ളിൽ ഗെയിം ഓഫ് ത്രോൺസ് കാഴ്ച്ച വയ്ക്കാൻ പോകുന്നതെന്ന കാര്യത്തിൽ ആർക്കും സംശയമില്ല. എങ്കിലും ആരാധകർ കാത്തിരിക്കുകയാണ് . ആരു ജയിക്കും അവസാന പോരാട്ടത്തിലെന്നറിയാൻ ..

185 Shares

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close