MovieEntertainment

വിഭ്രാന്തമായ മനസുകളുടെ കാണാപ്പുറം… അതിരന്‍

എസ്.കെ ശാരിക

ഊട്ടി ഹില്‍ സ്റ്റേഷനിലെ വിജനമായ മലഞ്ചരുവില്‍ സ്ഥിതിചെയ്യുന്ന മാനസികാരോഗ്യകേന്ദ്രവും അവിടുത്തെ മാനസികനില തെറ്റിയ കുറേ അന്തേവാസികളും. അതിരനിലെ ഉള്ളടക്കം ഇതാണ്.

മനസിന് ഒരു വീട്… ആ മാനസികാരോഗ്യ കേന്ദ്രത്തിന്റെ നിര്‍വചനം അങ്ങനെയാണ്. ഭൂതകാലം മായ്ച്ചുകളയപ്പെട്ട, മനസിന്റെ ഒഴുക്കിനൊപ്പം നീങ്ങാന്‍ കഴിയാത്ത പുനരധിവസിക്കപ്പെട്ട അന്തേവാസികള്‍. ഇവരുടെ ജീവിതവുമായി ഇഴചേര്‍ന്ന് കിടക്കുന്ന ദുരൂഹതകളും ചുരുള്‍ അഴിയാത്ത രഹസ്യങ്ങളും പ്രേക്ഷകരെ ഉദ്വേഗത്തിന്റെ പാരമ്യത്തിലെത്തിച്ചുവെന്നതാണ് അതിരന്റെ വിജയം.

ഫഹദ് ഫാസിലിനെയും സായിപല്ലവിയെയും നായികാനായകന്‍മാരായി പുതുമുഖമായ വിവേക് എഴുതി സംവിധാനം ചെയ്ത സൈക്കോ ഹൊറര്‍ സസ്‌പെന്‍സ് ത്രില്ലറാണ് അതിരന്‍.
1967 യില്‍ നടന്ന ഒരു കൊലപാതകമാണ് ചിത്രത്തിന്റെ ആദ്യ സീന്‍. പിന്നീട് അഞ്ച് വര്‍ഷം കഴിഞ്ഞ് വര്‍ത്തമാനകാലത്തിലാണ് ചിത്രം പുരോഗമിക്കുന്നത്.

ഹില്‍ സ്‌റ്റേഷനിലെ ദുരൂഹത നിറഞ്ഞ മാനസികാരോഗ്യ കേന്ദ്രമാണ് കഥയിലെ കേന്ദ്രബിന്ദു. അതുല്‍ കുല്‍ക്കര്‍ണ്ണി അവതരിപ്പിക്കുന്ന സൈക്യാട്രിസ്റ്റായ ഡോക്ടര്‍ ബെഞ്ചമിനാണ് മാനസികാരോഗ്യ കേന്ദ്രത്തിന്റെ സാരഥി. ദുരൂഹത നിറഞ്ഞ ബെഞ്ചമിന്റെ സാമ്രാജ്യത്തിലേയ്ക്ക് പരിശോധനയ്ക്കായി മൂലേടത്ത് കണ്ണന്‍ നായര്‍ എന്ന എംകെ നായര്‍ (ഫഹദ് ഫാസില്‍) എത്തുന്നിടത്താണ് കഥ തുടങ്ങുന്നത്.

അഞ്ച് അന്തേവാസികളെ മാത്രമേ മാനസികാരോഗ്യ കേന്ദ്രത്തിന്റെ റെക്കോഡില്‍ ഉള്‍പ്പെടുത്തിയിരുന്നുള്ളൂ. എന്നാല്‍ അവിടെ ഓട്ടിസത്തിന് ചികിത്സയിലുള്ള ആറാമത്തെ അന്തേവാസിയായ നിത്യ തമ്പുരാട്ടിയെ ഡോക്ടര്‍ നായര്‍ കണ്ടെത്തുന്നു. നിത്യയുടെ നിഗൂഡതകള്‍ നിറഞ്ഞ ഭൂതകാലവും അവളെ അവിടുന്ന് രക്ഷിക്കാന്‍ ഡോക്്ടര്‍ നടത്തുന്ന ശ്രമങ്ങളും വെല്ലുവിളികളുമാണ് ചിത്രത്തിലുടനീളം. സൈക്കോ ത്രില്ലറും ഹൊററുമായി ചിത്രം പുരോഗമിച്ച് ഒടുവില്‍ ഒരു അപ്രതീക്ഷ ട്വിസ്റ്റില്‍ കഥ അവസാനിക്കുന്നു.

ഫഹദ്, സായ്പല്ലവി എന്നിവര്‍ക്ക് പുറമെ അതുല്‍ കുല്‍ക്കര്‍ണ്ണി, പ്രകാശ് രാജ്, ലെന, രഞ്ജി പണിക്കര്‍, ശാന്തികൃഷ്ണ, സുരഭി ലക്ഷ്മി തുടങ്ങിയ നീണ്ട താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നു.

ഇതില്‍ സായ്പല്ലവിയുടെ മാസ് അഭിനയം പ്രത്യേക പരാമര്‍ശമര്‍ഹിക്കുന്നു. മലര്‍ മിസ്സില്‍ നിന്നും സായി പല്ലവി ബഹുദൂരം സഞ്ചരിച്ചുവെന്ന് നിസ്സംശയം പറയാം. ഓട്ടിസം നിമിത്തം പാകമാകാത്ത മനസും തന്റെ ന്യൂനതയെ കവച്ചുവെയ്ക്കുന്ന കളരിയിലെ പ്രാവീണ്യവും മികവുറ്റതാക്കാന്‍ സായിക്ക് കഴിഞ്ഞു.

വിരലുകളിലെ ചേഷ്ടകള്‍ കൊണ്ടും, എവിടെയും ഉറച്ചു നില്‍ക്കാത്ത കൃഷ്ണമണിയിലെ ചലനങ്ങള്‍ കൊണ്ടും, അസാധ്യ മെയ് വഴക്കം കൊണ്ടും കഥാപാത്രത്തെ അനശ്വരമാക്കാന്‍ സായിക്കു കഴിഞ്ഞു.

ഫഹദിനെ സംബന്ധിച്ചിടത്തോളം എംകെ നായരെന്ന കഥാപാത്രം വെല്ലുവിളികള്‍ ഉയര്‍ത്തുന്നതല്ലെന്നു തന്നെ പറയാം. തന്റെ നിഗൂഡമായ ചിരിക്ക് പിന്നിലെ രഹസ്യമറിയാതെ പ്രേക്ഷകരെ കുഴക്കിയ ഷമ്മിയോളം വരില്ല അതിരനിലെ കഥാപാത്രം. എന്നിരുന്നാലും തന്റെ സ്വതസിദ്ധമായ ശൈലിയിലൂടെയും സ്വാഭാവികതയിലൂടെയും കഥാപാത്രത്തെ മികവുറ്റതാക്കാന്‍ ഫഹദിന് കഴിഞ്ഞു.

ഡോക്ടര്‍ ബെഞ്ചമിന്റെ സഹായിയായി എത്തുന്ന രേണുകയെന്ന കഥാപാത്രത്തെ വളരെ തന്മയത്വത്തോടുകൂടി കൈകാര്യം ചെയ്ത് ലെനയും സ്‌കോര്‍ ചെയ്തു.

വിഭ്രാന്തമായ പല മാനസിക തലങ്ങളിലേയ്ക്ക് ചിത്രം സഞ്ചരിക്കുന്നു. മനസിന്റെ അനന്തതലങ്ങളിലേയ്ക്ക് പ്രേക്ഷകരെ കൈ പിടിച്ച് നടത്താന്‍ കഴിഞ്ഞുവെന്നത് സംവിധായകന്റെ കഴിവ് തന്നെയാണ്. മാത്രമല്ല കഥാപാത്രത്തെ കാസ്റ്റ് ചെയ്തതിലും മികവ് പുലര്‍ത്തിയെന്ന് പറയാതെ വയ്യ. കഥയിലെ പ്രധാന ട്വിസ്റ്റ് അവതരിപ്പിക്കുന്നത് പ്രകാശ് രാജാണ്. ചെറിയ റോളാണെങ്കിലും കഥയിലെ പഞ്ച് ഭാഗത്ത് പ്രകാശ് രാജിനെ കാസ്റ്റ് ചെയ്തത് ശ്രദ്ധേയമായി.

പുതുമുഖ സംവിധായകന്റെ ചാഞ്ചാട്ടങ്ങളൊന്നും ഇല്ലാതെ ചിത്രത്തിന്റെ ഒഴുക്ക് നിലനിര്‍ത്താന്‍ സംവിധായകന്‍ കഴിഞ്ഞുവെന്ന് തന്നെ വിലയിരുത്താം.

കഥ തിരഞ്ഞെടുക്കുന്നതിലും സംവിധായകന്‍ മികവ് പുലര്‍ത്തിയിട്ടുണ്ട്. സാധാരണ മലയാളത്തിലെ സംവിധായകര്‍ പരീക്ഷിക്കാന്‍ മടിക്കുന്ന തലത്തിലാണ് കഥാതന്തു. ചിത്രം കാണുന്ന പ്രേക്ഷകന് ഏതെങ്കിലും വിദേശ ചിത്രങ്ങളുടേയോ നോവലുകളുടേയോ പിന്‍ബലം കഥയില്‍ ഇല്ലേയെന്ന സംശയം ഉടലെടുക്കാവുന്നതാണ്. പക്ഷേ, സോഴ്‌സ് ഏതായാലും താളപ്പിഴ വന്ന മനസാണ് കഥാപാത്രത്തിന്റേതെന്ന് മനസിലാക്കാന്‍ പ്രേക്ഷകന് പലപ്പോഴും സാധിക്കുന്നില്ലയെന്നത് തന്നെയാണ് സംവിധായകന്റെ വിജയം.

നിരവധി അവാര്‍ഡുകള്‍ വാരിക്കൂട്ടിയ ഇ.മ,യു വിന്റെ തിരക്കഥാകൃത്ത് പിഎഫ് മാത്യൂസിന്റെ കഥാ അവതരണം തന്നെയണ് ചിത്രത്തിന്റെ കരുത്ത്. കഥയിലെ ഉദ്വേഗം നിറഞ്ഞ രംഗങ്ങള്‍ക്ക് പശ്ചാത്തല സംഗീതമൊരുക്കിയ ഗിബ്രാനും ഛായാഗ്രഹണം നിര്‍വ്വഹിച്ച അനു മൂത്തേടത്തും നിരാശരാക്കിയില്ല.

സംഗീത സംവിധാനം ജയഹരിയുടേതാണ്. ഹരിശങ്കര്‍ ആലപിച്ച പവിഴ മഴയേ….. എന്ന ഗാനം ഇതിനോടകം തന്നെ പ്രേക്ഷകരുടെ ചുണ്ടില്‍ തത്തിക്കളിച്ചു തുടങ്ങി.

മാനസികാരോഗ്യ കേന്ദ്രം പശ്ചാത്തലമാക്കി മലയാളത്തില്‍ പുറത്തിറങ്ങിയ താളവട്ടം, ഉള്ളടക്കം തുടങ്ങിയ എവര്‍ഗ്രീന്‍ ചിത്രങ്ങളുടെ പട്ടികയില്‍ തന്നെയാകും അതിരന്റേയും സ്ഥാനമെന്നത് തിയേറ്ററിലെ നിറഞ്ഞ സദസ്സ് സാക്ഷ്യപ്പെടുത്തുന്നു.

142 Shares

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close