ബാഴ്സലോണയും അയാക്സും ചാമ്പ്യൻസ് ലീഗ് ഫുട്ബോളിന്റെ സെമിഫൈനലിൽ കടന്നു. രണ്ടാം പാദ ക്വാർട്ടറിൽ ലയണൽ മെസ്സിയുടെ ഇരട്ടഗോൾ മികവിൽ, മാഞ്ചസ്റ്റർ യുണൈറ്റഡിനെ മറുപടിയില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്താണ് ബാഴ്സ അവസാന നാലിൽ ഇടം പിടിച്ചത്. കുടീനോയാണ് ബാഴ്സയുടെ മൂന്നാം ഗോൾ നേടിയത്. ഇരു പാദങ്ങളിലുമായി 4-0ന്റെ ജയമാണ് ബാഴ്സലോണ നേടിയത്.
ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ യുവന്റസിനെ രണ്ടാം പാദത്തിൽ ഒന്നിനെതിരേ രണ്ട് ഗോളുകൾക്ക് തോൽപ്പിച്ചാണ് ഡച്ച് ക്ളബായ അയാക്സ് സെമി ബർത്ത് ഉറപ്പിച്ചത്. ക്രിസ്റ്റ്യാനോയുടെ ഗോളിലൂടെ യുവന്റസ് ആദ്യം മുന്നിലെത്തിയെങ്കിലും വാൻ ഡി ബീക്കും, മാറ്റിസ് ഡീ ലിറ്റും നേടിയ ഗോളുകൾ അയാക്സിനെ ജയത്തിലേക്ക് നയിച്ചു. 3-2ന്റെ ആകെ സ്കോറിനാണ് അയാക്സിന്റെ മുന്നേറ്റം.