കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ഇപ്പോഴും നടക്കുന്നത് സാമൂഹിക വിചാരണയെന്ന് നടി പാര്‍വതി തിരുവോത്ത്. കേസില്‍ വിചാരണ വൈകിപ്പിക്കുന്നതിലൂടെ പ്രതികള്‍ സ്വയം തുറന്നു കാട്ടുകയാണ് ചെയ്യുന്നത്. ചുറ്റും നടക്കുന്നത് കാണുന്നവര്‍ക്ക് ഇത് ബോധ്യപ്പെടുമെന്നും പാര്‍വതി പറഞ്ഞു.
താരസംഘടനയായ അമ്മയുമായുള്ള പ്രശ്നങ്ങള്‍ ഇപ്പോഴും തുടരുന്നു. പ്രശ്ന പരിഹാരത്തിന് അമ്മയുടെ ഭാരവാഹികളില്‍ നിന്നും യാതൊരു അനുകൂല നടപടികളും ഉണ്ടായിട്ടില്ല. രാജിവെച്ച നടിമാരെ ഇത് വരെ തിരിച്ചെടുത്തിട്ടില്ല. വുമണ്‍ ഇന്‍ സിനിമ കളക്ടീവ് അമ്മ സംഘടനയില്‍ ഉന്നയിച്ച പ്രശ്നങ്ങള്‍ അതേപടി നിലനില്‍ക്കുന്നുവെന്നും പാര്‍വതി പറഞ്ഞു.
പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്ത് പരിഹരിക്കണമെന്നാണ് ആഗ്രഹം. വിമന്‍ ഇന്‍ കളക്ടീവ് എപ്പോള്‍ വേണമെങ്കിലും ചര്‍ച്ചയ്ക്ക് തയ്യാറാണ്. മലയാള സിനിമയില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പഠിക്കാന്‍ നിയോഗിച്ച ജസ്റ്റിസ് ഹേമ കമ്മീഷന്റെ പ്രവര്‍ത്തനങ്ങള്‍ പ്രതീക്ഷ നല്കുന്നു. സിനിമാ ലൊക്കേഷനുകളില്‍ പരാതി പരിഹാര സെല്‍ വേണമെന്ന വുമണ്‍ ഇന്‍ സിനിമ കളക്ടീവിന്റെ ആവശ്യം ഹൈക്കോടതിയുടെ പരിഗണനയിലാണെന്നും പാര്‍വതി പറഞ്ഞു.