ബെയ്ജിംഗ്: 10 മിനിട്ട് കൊണ്ട് ഫോണൊന്ന് ചാര്ജ്ജായിരുന്നെങ്കില്! ഏതൊരു മൊബൈല്‍ പ്രേമിയും ആഗ്രഹിക്കുന്ന കാര്യമാണിത്. എന്നാല്‍ ലോകമെമ്പാടുമുള്ള മൊബൈല്‍ ഉപയോക്താക്കളുടെ സ്വപ്നം സാക്ഷാത്കരിക്കാനൊരുങ്ങുകയാണ് ഷവോമി. വൈകാതെ വിപണിയിലെത്തുന്ന ഷവോമിയുടെ ചാര്‍ജര്‍ മറ്റ് ബ്രാന്‍ഡുകളേക്കാള്‍ ഒരുപടി മുന്നിലെത്താനുള്ള പരിശ്രമത്തിലാണ്.
ഒരു മൊബൈല്‍ ഫോണ്‍ ചാര്‍ജ്ജാവാന്‍ ഇനി വേണ്ടത് വെറും 10 മിനിട്ട് മാത്രം. 100w ചാര്‍ജര്‍ അവതരിപ്പിക്കാന്‍ തയ്യാറെടുക്കുകയാണ് ഷവോമി. ഷവോമി ചെയര്മാന് ലിന് ബിന്‍ ചാര്‍ജ്ജറിന്റെ വീഡിയോ ബെയ്ജിംഗില്‍ പുറത്തുവിട്ടു.
ഈ ചാര്‍ജര്‍ ഉപയോഗിക്കുമ്പോള്‍ 4000 എംഎഎച്ച് ബാറ്ററി കപ്പാസിറ്റിയുള്ള ഒരു ഫോണിന് പൂജ്യത്തില്‍ നിന്നും 50% ചാര്‍ജ്ജാവാന്‍ 7 മിനിട്ട് സമയമേ ആവശ്യമുള്ളൂ.മൊത്തം 100% ചാര്‍ജ്ജിന് ആകെ വേണ്ടത് 10 മിനിട്ട് മാത്രം.
ഓപ്പോയുടെ 50w ചാര്‍ജ്ജറിന് കടുത്ത വെല്ലുവിളി ഉയര്‍ത്താന്‍ ഷവോമിയുടെ പുതിയ ചാര്‍ജ്ജറിന് കഴിയുമെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്. ഡെമോ വീഡിയോയാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നതെങ്കിലും ഉടന്‍ തന്നെ ചാര്‍ജര്‍ വിപണിയിലെത്തുമെന്ന് ഷവോമി അറിയിച്ചു.