സാന്‍ഫ്രാന്‍സിസ്കോ: 15 ലക്ഷം അംഗങ്ങളുടെ ഇ മെയില്‍ ബന്ധങ്ങള്‍ ചോര്‍ത്തി ഫെയ്സ്ബുക്ക്. 2016 മെയ് മുതല്‍ അംഗങ്ങളായ 15 ലക്ഷത്തോളം പേരുടെ സ്വകാര്യ വിവരങ്ങള്‍ മനപൂര്‍വ്വമല്ലാതെ അപ്ലോഡ് ചെയ്തുവെന്നാണ് ഫെയ്സ്ബുക്കിന്റെ വെളിപ്പെടുത്തല്‍.
ഫെയ്സ്ബുക്കില്‍ പുതിയ അക്കൗണ്ട് തുടങ്ങുമ്പോള്‍ ഇ-മെയില്‍ ബന്ധങ്ങള്‍ അപ്ലോഡ് ചെയ്യുന്ന പതിവ് നേരത്തെ ഉണ്ടായിരുന്നു. എന്നാല്‍ പുതിയ അക്കൗണ്ട് തുറക്കുമ്പോള്‍ അംഗങ്ങളുടെ അറിവോ സമ്മതമോ കൂടാതെ ഫെയ്സ്ബുക്ക് അവരുടെ ഇ-മെയില്‍ ബന്ധങ്ങള്‍ ശേഖരിക്കുന്നതായി ആക്ഷേപമുയര്‍ന്നിരുന്നു. ഇതിനെ തുടര്‍ന്ന് ലോഗിന്‍ ചെയ്യുമ്പോള്‍ ഇ-മെയില്‍ പാസ് വേഡ് വെരിഫിക്കേഷന് നല്കുന്ന രീതി മാര്‍ച്ച് മുതല്‍ നിര്‍ത്തലാക്കിയിരുന്നു.
അക്കൗണ്ട് തുറക്കുന്നതിന്റെ ഭാഗമായി ഇ-മെയില്‍ പാസ് വേഡ് നല്കുമ്പോള്, കോണ്ടാക്റ്റുകള് മുഴുവനും ഇംപോര്‍ട്ട് ചെയ്യുന്നതായുള്ള സന്ദേശം ലഭിക്കും. അംഗങ്ങളുടെ അനുമതി ഇല്ലാതെയായിരുന്നു ഇത്തരത്തിലുള്ള അപ്ലോഡുകള്‍. ഇത്തരത്തില്‍ ലക്ഷക്കണക്കിന് ഇ-മെയില്‍ കോണ്ടാക്റ്റുകളാണ് ഫെയ്സ്ബുക്കിന് ലഭിച്ചത്. ഇവയൊന്നും ആര്‍ക്കും ഷെയര്‍ ചെയ്യപ്പെട്ടിട്ടില്ലെന്നും വിവരങ്ങള്‍ ഡിലീറ്റ് ചെയ്യുകയാണെന്നും ഫെയ്സ്ബുക്ക് വിശദമാക്കി. സ്വകാര്യ വീഴ്ച്ച സംബന്ധിച്ച് നിരവധി വിമര്‍ശനങ്ങള്‍ മുന്‍പും ഫെയ്സ്ബുക്ക് നേരിട്ടിരുന്നു.