30.6 കോടി ഉപഭോക്താക്കളുമായി രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ ടെലികോം സേവനദാതാവായി റിലയന്‍സ് ജിയോ. ഭാരതി എയര്‍ടെല്ലിനെ പിന്തള്ളിയാണ് ജിയോ ഈ നേട്ടം സ്വന്തമാക്കിയത്. സേവനം തുടങ്ങി വെറും രണ്ടര വര്‍ഷം കൊണ്ടാണ് ജിയോ ഈ നേട്ടം കരസ്ഥമാക്കിയത്.
നിലവില്‍ 28.4കോടി ഉപഭോക്താക്കളാണ് എയര്‍ടെല്ലിനുള്ളത്. വോഡാഫോണിന്റേയും ഐഡിയയുടേയും ലയനത്തിനു ശേഷമാണ് അതുവരെ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന എയര്‍ടെല്‍ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത്. എന്നാല്‍ ഇപ്പോള്‍ 30.6 കോടി ഉപഭോക്താക്കളുമായി എയര്‍ടെല്ലിനെ പിന്തള്ളി ജിയോ രണ്ടാം സ്ഥാനത്തെത്തുകയായിരുന്നു. ഈ നേട്ടം തുടര്‍ന്നാല്‍ 38.7 കോടി ഉപഭോക്താക്കളുമായി ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന വോഡാഫോണ്‍ ഐഡിയയേയും മറികടക്കാന്‍ ജിയോയ്‌ക്ക് കഴിയും.
മികച്ച ഓഫറുകളും അതിവേഗ ഇന്റര്‍നെറ്റും ഉപഭോക്താക്കള്‍ക്ക് നല്‍കികൊണ്ടാണ് ജിയോ ചുരുങ്ങിയ കാലം കൊണ്ട് ഈ നേട്ടം സ്വന്തമാക്കിയത്. 2016 സെപ്റ്റംബറിലാണ് ജിയോ ഇന്ത്യന്‍ ടെലികോം രംഗത്ത് വിപ്ലവം സൃഷ്ടിച്ചുകൊണ്ട് വാണിജ്യാടിസ്ഥാനത്തില്‍ 4ജി സേവനം നല്‍കിത്തുടങ്ങിയത്. ഏറ്റവും വേഗത്തില്‍ 10 കോടി ഉപഭോക്താക്കളെ സ്വന്തമാക്കുന്ന കമ്പനി എന്ന സുവര്‍ണ്ണ നേട്ടം കരസ്ഥമാക്കിയ കമ്പനിയും റിലയന്‍സ് ജിയോ തന്നെയാണ്.















