ജനപ്രിയ സോഷ്യല്‍ മീഡിയ ആപ്ലിക്കേഷല്‍ ഫേസ്ബുക്ക് നഷ്ടത്തിലേക്ക്. 2019 ആദ്യപാദത്തിലെ കണക്കനുസരിച്ച് ലാഭം മുന്‍ വര്‍ഷത്തേക്കാള്‍ പകുതിയായി കുറഞ്ഞു. കോടിക്കണക്കിനു രൂപ മുടക്കി സ്വന്തമാക്കിയ വാട്ട്സാപ് ആണ് ഫേസ്ബുക്കിനു തലവേദനയാവുന്നത്.
മെസേജിങ് ആപ്പായ വാട്സാപ് 1900 കോടി ഡോളറിനാണ് ഫേസ്ബുക്ക് സ്വന്തമാക്കിയത്. ഫേസ്ബുക്കിന് ഭീഷണിയാകുമെന്ന് മുന്‍കൂട്ടി കണ്ടാണ് തിടുക്കത്തില്‍ വാട്സാപ് വാങ്ങിയത്. എന്നാല്‍ ഫേസ്ബുക്കിന് ഇന്നും ഏറ്റവും വലിയ വെല്ലുവിളി വാട്സാപ് തന്നെയാണെന്നാണ് കമ്പനി മേധാവി മാര്‍ക്ക് സുക്കര്‍ബര്‍ഗിന്റെ പ്രതികരണം. കാര്യമായി വരുമാനമില്ലാത്ത വാട്സാപ് നിയന്ത്രിക്കാന്‍ കോടികളാണ് ഫേസ്ബുക്ക് മുടക്കുന്നത്.
ഫേസ്ബുക്ക് ഏറ്റെടുത്തതിനു ശേഷം വാട്സാപ് ഏറെ പ്രചാരം നേടി. നിരവധി ഫീച്ചറുകള്‍ ഉള്‍പ്പെടുത്തുകയും ഉപയോക്താക്കളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ദ്ധനയുണ്ടാവുകയും ചെയ്തു. എന്നാല്‍ വരുമാനത്തില്‍ മാത്രം വര്‍ദ്ധനവ് ഒന്നും തന്നെ ഉണ്ടായില്ല.
40 കോടി പേരാണ് ഇന്ത്യയില്‍ വാട്സാപ് ഉപയോഗിക്കുന്നത്. ഫേസ്ബുക്ക് ഉപഭോക്താക്കളുടെ എണ്ണം 30 കോടിയാണ്. ഫേസ്ബുക്ക് ഉപഭോക്താക്കളുടെ എണ്ണത്തിലും വരുമാനത്തിലും വാട്സാപ് വന്‍ ഇടിവുണ്ടാക്കി.
വര്‍ദ്ധിച്ചുവരുന്ന വാട്സാപ്പിന്റെ ജനപ്രീതി ഫേസ്ബുക്കിനു തിരിച്ചടിയായിക്കൊണ്ടിരിക്കുകയാണ്. ഏറെ നേരം ഫേസ്ബുക്കില്‍ സമയം ചെലവഴിച്ചിരുന്നവര്‍ വാട്സാപ്പിന്റെ വരവോടെ ഫേസ്ബുക്ക് ഉപയോഗം തന്നെ കുറച്ചു. ഇതെല്ലാം ഫേസ്ബുക്കിന്റെ നിലനില്‍പ്പിനും വരുമാനത്തിനും ഏറ്റവും വലിയ വെല്ലുവിളിയായി മാറിയെന്നാണ് അനലിസ്റ്റുകളുടെ യോഗത്തില്‍ സുക്കര്‍ബര്‍ഗ് വ്യക്തമാക്കിയത്.
വാട്സാപ്പ് ലാഭകരമാക്കാന്‍ നിരവധി നീക്കങ്ങള്‍ നടത്തിയെങ്കിലും അതെല്ലാം പരാജയപ്പെടുകയായിരുന്നു. വാട്സാപ്പിനെ ലാഭകരമാക്കേണ്ടത് എങ്ങനെയെന്ന് ഇപ്പോഴും വ്യക്തത ഇല്ലെന്നും സുക്കര്‍ബര്‍ഗ് പറഞ്ഞു.