റമദാൻ മാസത്തിലെ യു എ ഇ യിലെ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളുടെ പ്രവർത്തനം സമയം ക്രമീകരിച്ച് അധികൃതർ അറിയിപ്പ് പുറപ്പെടുവിച്ചു. ഈ മാസം ആറാം തീയതി റമദാൻ ആരംഭിക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്.
റമദാൻ മാസത്തിൽ യു എ ഇ യിലെ സർക്കാർ സ്ഥാപനങ്ങളുടെ പ്രവർത്തന സമയം രാവിലെ 9 മുതൽ ഉച്ചക്ക് 2 മണി വരെയായിരിക്കും. സ്വകാര്യ സ്ഥാപനങ്ങളുടെ ജോലി സമയത്തിലും 2 മണിക്കൂർ ഇളവ് അനുവദിച്ചിട്ടുണ്ട്. ഫെഡറൽ അതോറിറ്റി ഫോർ ഗവണ്മെന്റ് ഹ്യൂമൻ റിസോഴ്സസ് ആണ് ഇത് സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചത്. ദുബായിലെ വാഹന പാർക്കിങ് ഇടങ്ങളിലെ പണം ഈടാക്കിയുള പാർക്കിങ് സമയം സമയത്തിലും മാറ്റം ഉണ്ട്. രാവിലെ എട്ടു മുതൽ വൈകിട്ട് ആറ് വരെയും, രാത്രി എട്ടു മുതൽ അർധരാത്രി 12 വരെയും വാഹന പാർക്കിങ്ങിന് പണം ഈടാക്കും. ഇഫ്താർ സമയമായ വൈകിട്ട് ആറ് മുതൽ രാത്രി എട്ടു വരെ പാർക്കിങ് സൗജന്യമാണ്.
ബഹു നില പാർക്കിങ് ഇടങ്ങളിൽ ഈ മാറ്റം ഉണ്ടാവുകയില്ല. ദുബായിലെ പ്രധാന ഷോപ്പിംഗ് മാളുകൾ സാധാരണ ദിനങ്ങളിൽ വെളുപ്പിനെ ഒന്ന് വരെയും, അവധി ദിനങ്ങളിൽ പുലർച്ചെ രണ്ടു വരെയും തുറന്നു പ്രവർത്തിക്കും. സ്കൂളുകളുടെ പ്രവർത്തന സമയം രാവിലെ എട്ടിനും, എട്ടരക്കും ഇടയിൽ ആരംഭിച്ച് ഉച്ചക്ക് ഒന്നിനും, ഒന്നരക്കും ഇടയിൽ അവസാനിക്കും. അഞ്ചു മണിക്കൂറിൽ കൂടുതൽ വിദ്യാലയങ്ങൾ പ്രവർത്തിക്കരുത് എന്നും നിർദേശമുണ്ട്. ഈ മാസം ആറിന് റമദാൻ ആരംഭിക്കും എന്നാണ് കണക്കാക്കപ്പെടുന്നത്.