ഇന്ന് ലോകം നേരിടുന്ന പ്രധാന വെല്ലുവിളികളിലൊന്നാണ് ജലമലിനീകരണം. എന്നാല്‍ പ്രതിഷേധവും പ്രതികരണങ്ങളും പല രൂപത്തില്‍ ഉയരുന്നുണ്ടെങ്കിലും മാതൃകയായത് ശ്രീലങ്കയാണ്. ജലമലിനീകരണം ശക്തമായ സാഹചര്യത്തില്‍ ലോകത്തിനോട് പറയാനുള്ളത് തങ്ങളുടെ ജഴ്സിയിലൂടെ വ്യക്തമാക്കുകയാണ് ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ്.
കടലില്‍ വലിച്ചെറിയുന്ന പ്ലാസ്റ്റിക് കുപ്പികള്‍ ഉപയോഗിച്ച് പരിസ്ഥിതി സൗഹൃദ ജഴ്സി അവതരിപ്പിച്ചിരിക്കുകയാണ് ശ്രീലങ്ക. കടലില്‍ ഉപേക്ഷിക്കപ്പെട്ട പ്ലാസ്റ്റിക് കുപ്പികള്‍ റീസൈക്കിള്‍ ചെയ്താണ് ജഴ്സി നിര്‍മ്മിച്ചിരിക്കുന്നത്. ശ്രീലങ്കന്‍ ക്രിക്കറ്റ് ടീമിന്റെ ഔദ്യോഗിക ജഴ്സി നിര്‍മ്മാതാക്കളായ എംഎഎസ് ഹോള്‍ഡിംഗ്സാണ് ജഴ്സി ഒരുക്കിയിരിക്കുന്നത്.
ആശയം വ്യക്തമാക്കാനായി ജഴ്സിയില്‍ മുന്‍പുണ്ടായിരുന്ന സിംഹത്തിന്റെ ലോഗോക്ക് പകരം ആമയെയാണ് ഇത്തവണ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ലോകകപ്പ് നടക്കാനിരിക്കവേ ഇത്തരമൊരു ആശയം ലോകത്തിന് മുന്പില് അവതരിപ്പിച്ച ശ്രീലങ്കയ്ക്ക് അഭിനന്ദനവുമായി നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്.















