ആന്റിഗ്വ: വെടിക്കെട്ട് ബാറ്റ്സ്മാൻ ക്രിസ് ഗെയ്ൽ ലോകകപ്പിനുള്ള വെസ്റ്റ് ഇൻഡീസ് ടീമിന്റെ ഉപനായകനാകും. ഒപ്പം അയർലൻഡിൽ നടക്കുന്ന ത്രിരാഷ്ട്ര ക്രിക്കറ്റ് പരമ്പരയ്ക്കുള്ള ടീമിന്റെ ഉപനായകനായി ഷായ് ഹോപ്സിനെയും വിൻഡീസ് ക്രിക്കറ്റ് ബോർഡ് നിയമിച്ചു. ജേസൺ ഹോൾഡറാണ് ടീമിന്റെ നായകൻ.
തനിക്ക് ലഭിച്ച അംഗീകാരമാണ് ഇതെന്ന് പ്രഖ്യാപനശേഷം ക്രിസ് ഗെയ്ൽ പ്രതികരിച്ചു. വെസ്റ്റ് ഇൻഡീസിനെ ക്രിക്കറ്റിന്റെ ഏതൊരു ഫോർമാറ്റിലും പ്രതിനിധീകരിക്കുക എന്നത് ഒരു ബഹുമതിയായാണ് താൻ കാണുന്നത്. പ്രത്യേകിച്ചും ലോകകപ്പിൽ. ഒരു മുതിർന്ന താരമെന്ന നിലയിൽ നായകനെയും ടീമിലെ മറ്റുള്ള താരങ്ങളെയും പിന്തുണയ്ക്കുക എന്നത് തന്റെ കടമയാണ്.
ഞങ്ങളെ സംബന്ധിച്ച് ഇതൊരു വലിയ ലോകകപ്പാണ്. ഒട്ടേറെ പ്രതീക്ഷകളുമായാണ് ഞങ്ങളെത്തുന്നത്. വെസ്റ്റ് ഇൻഡീസിലെ ജനങ്ങൾക്ക് വേണ്ടി ഞങ്ങൾ നന്നായി പ്രവർത്തിക്കുമെന്നും ക്രിസ് ഗെയ്ൽ പറഞ്ഞു.