വിശാഖപട്ടണം: ഐപിഎൽ ക്രിക്കറ്റിൽ എലിമിനേറ്റർ മത്സരത്തിൽ സൺ റൈസേഴ്സ് ഹൈദരാബാദിനെ തകർത്ത് ഡൽഹി കാപ്പിറ്റൽസ് ക്വാളിഫയർ യോഗ്യത നേടി. അവസാന ഓവർ വരെ നീണ്ടുനിന്ന മത്സരത്തിൽ ഒരു പന്ത് ശേഷിക്കെ 2 വിക്കറ്റിനാണ് ഡൽഹിയുടെ ജയം. 21 പന്തിൽ 49 റൺസെടുത്ത ഋഷഭ് പന്തിന്റെ വെടിക്കെട്ട് ബാറ്റിംഗാണ് ഡൽഹിയ്ക്ക് ജയം സമ്മാനിച്ചത്. പ്രിഥ്വി ഷാ 38 പന്തിൽ 56 റൺസെടുത്തു.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് എട്ട് വിക്കറ്റ് നഷ്ടത്തിലാണ് 162 റൺസ് എടുത്തത്. മാർട്ടിൻ ഗുപ്റ്റിൽ 36 ഉം മനീഷ് പാണ്ഡെ 30 ഉം റൺസ് എടുത്തു. അവസാന ഓവറുകളിൽ ആഞ്ഞടിച്ച വിജയ് ശങ്കറും മൊഹമ്മദ് നബിയുമാണ് ഹൈദരാബാദിന് മികച്ച സ്കോർ സമ്മാനിച്ചത്.
വെള്ളിയാഴ്ച നടക്കുന്ന രണ്ടാം ക്വാളിഫയറിൽ ചെന്നൈ സൂപ്പർ കിംഗ്സാണ് ഡൽഹിയുടെ എതിരാളികൾ.