ലോകത്തിലെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള പോലീസുകാരുടെ മാനസിക, ശാരീരിക സാമർഥ്യം അളക്കുന്ന മത്സരത്തിന് അരങ്ങൊരുക്കിയ ദുബായ് സ്വാറ്റ് ചലഞ്ച്ന്റെ വാർത്തകൾ പൊതുജനങ്ങളിൽ എത്തിച്ച വാർത്താ മാധ്യമങ്ങൾക്ക് ദുബായ് പോലീസിന്റെ ആദരം. ഈ വര്ഷം ഫെബ്രുവരിയിലാണ് 50 രാജ്യങ്ങളിൽ നിന്നുള്ള 60 പോലീസ് ടീമുകൾ പങ്കെടുത്ത സ്വാറ്റ് ചലഞ്ച് ദുബായിൽ നടന്നത്.
പോലീസ് സേനയുടെ സാമർഥ്യം, അഭിനിവേശം, ഉത്സാഹം, സംഘടിത പ്രവർത്തനം, തീവ്രത എന്നിവ മാറ്റുരക്കുന്ന വിവിധ മത്സരങ്ങളാണ് സ്വാറ്റ് ചലഞ്ചിൽ അരങ്ങേറിയത്. ദുബായ് ഔട്ട്ലെറ്റ് മാളിന് സമീപമുള്ള സ്വാറ്റ് വില്ലേജിൽ ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ നടന്ന മത്സരങ്ങളിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള പോലീസ് ടീമുകൾ പങ്കെടുത്തിരുന്നു. വിവിധ പോലീസ് സേനകൾ പരസ്പരം സഹകരിക്കുന്നതിലൂടെ പ്രാഗൽഭ്യം മനസിലാക്കാനും, കൂടുതൽ മികവ് നേടാനും ഓരോ സേനക്കും സാധിക്കും വിധമായിരുന്നു മത്സര ക്രമീകരണം.
ദുബായ് ആതിഥ്യമരുളിയ സ്വാറ്റ് ചലഞ്ച് ന്റെ വാർത്തകൾ പൊതുജനങ്ങളിൽ എത്തിച്ച വാർത്താ മാധ്യമങ്ങൾക്കാണ് ദുബായ് പോലീസ് വകുപ്പ് അനുമോദന പത്രം നൽകിയത്. ദുബൈ പോലീസിന്റെ ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് പ്രൊട്ടക്ടീവ് സെക്യൂരിറ്റി ആൻഡ് എമർജൻസി വിഭാഗം മേധാവി മേജർ ജനറൽ അബ്ദുല്ല അലി അബ്ദുല്ല അൽ ഗൈതിയാണ് പ്രശംസാ പത്രം സമ്മാനിച്ചത്. ജനം ടി വിക്ക് വേണ്ടി മിഡിൽ ഈസ്റ്റ് റിപ്പോർട്ടർ ശ്രീരാജ് കൈമൾ സർട്ടിഫിക്കറ്റ് ഏറ്റു വാങ്ങി.