മിര്‍സാപൂര്‍: പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയുടെ കാര്യത്തില്‍ ഇനിയും തീരുമാനം എടുക്കാന്‍ കഴിയാത്ത കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള പ്രതിപക്ഷ പാര്‍ട്ടികളെ വിമര്‍ശിച്ച് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കോണ്‍ഗ്രസിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി ആരാണെന്ന് പാര്‍ട്ടി അദ്ധ്യക്ഷനു പോലും അറിയില്ലെന്ന് അദ്ദേഹം പരിഹസിച്ചു.
‘പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി ആരാണെന്ന് നിങ്ങള്‍ കോണ്‍ഗ്രസിനോട് ചോദിച്ചാല്‍ ഏതെങ്കിലും ഒരാളുടെ പേര് പറയുമെന്നുപോലും നിങ്ങള്‍ പ്രതീക്ഷിക്കരുത്. അവരുടെ അദ്ധ്യക്ഷനുപോലും അറിയില്ല ആരാണ് കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി എന്ന്. സ്വന്തം പാര്‍ട്ടി അധികാരത്തിലെത്തില്ല എന്ന് ബോധ്യമുള്ളതുകൊണ്ടാണ് അവര്‍ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാത്തത്’. ആദിത്യനാഥ് പറഞ്ഞു.
കോണ്‍ഗ്രസിനു പുറമേ എസ്പി-ബിഎസ്പി-ആര്‍എല്‍ഡി സഖ്യത്തിനും പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി ആരാണെന്ന് അറിയില്ലെന്നും അദ്ദേഹം പരിഹസിച്ചു. സമാജ്വാദി പാര്‍ട്ടി നേതാവിനോട് ഈ ചോദ്യം ചോദിച്ചാല്‍ അഖിലേഷ് യാദവ് എന്നും ബിഎസ്പി നേതാവിനോട് ചോദിച്ചാല്‍ മായാവതി എന്നുമായിരിക്കും ലഭിക്കുന്ന ഉത്തരമെന്നും അദ്ദേഹം വ്യക്തമാക്കി.ഒരുവശത്ത് വ്യക്തമായ നയങ്ങളുമായി ലോകത്തിലെ ഏറ്റവും യോഗ്യനായ നേതാവ് നില്ക്കുമ്പോള് മറുവശത്ത് നേതൃത്വമില്ലാത്ത പാര്ട്ടികളാണുള്ളതെന്ന് അദ്ദേഹം പറഞ്ഞു.
ലോക്സഭ തെരഞ്ഞെടുപ്പിന്റെ അഞ്ച് ഘട്ടങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ അവശേഷിക്കുന്ന 118 സീറ്റുകളിലേക്കുള്ള പോളിംഗ് മെയ് 12-നും 19-നും നടക്കും. മെയ് 23-നാണ് വോട്ടെണ്ണല്‍.