Sports

അവിസ്മരണീയം ; ആദ്യ ലോകകപ്പിലെ ഈ അവസാന വിക്കറ്റ് പോരാട്ടങ്ങൾ

വായുജിത്

അനിശ്ചിതത്വത്തിന്റെ കളിയാണ് ക്രിക്കറ്റ്. ഇതൊരു സ്ഥിരം പല്ലവിയാണ്. എത്രത്തോളം സത്യമുണ്ടാകും ഈ പ്രയോഗത്തിന് ? ക്രിക്കറ്റിനെ ക്രിക്കറ്റ് കളി കണ്ടിട്ടുള്ള എല്ലാവർക്കുമറിയാം ഈ പ്രയോഗം അത്ര അസാധാരണമൊന്നുമല്ലെന്ന്.

അഞ്ച് വിക്കറ്റിന് 17 റൺസ് എന്ന നിലയിൽ നിന്ന് ഇന്ത്യയെ വിജയത്തിലെത്തിക്കാൻ പ്രാപ്തമായ കൂറ്റൻ സ്കോറിലെത്തിച്ച കപിൽ ദേവ് ഈ അനിശ്ചിതത്വം നമുക്ക് മുന്നിൽ തുറന്ന് കാട്ടിയ ആളാണ്. ക്യാച്ച് പൂർണമാകുന്നതിനു മുൻപ് ആഘോഷിക്കാൻ ശ്രമിച്ച് സ്റ്റീവ് വോയെ മാത്രമല്ല ഒടുവിൽ കളിയും ടൂർണമെന്റും കൈവിട്ട ദക്ഷിണാഫ്രിക്കയുടെ ഹെർഷൽ ഗിബ്സ് , സഹീർ ഖാന്റെ തീപാറുന്ന പന്തുകൾ വിക്കറ്റ് കീപ്പറുടെ തലയ്ക്ക് മുകളിൽ കൂടി അസാധാരണമായ ബാറ്റിംഗ് ശൈലി ഉപയോഗിച്ച് പറത്തിവിട്ട് സിംബാബ്വെയെ ജയിപ്പിച്ച ഡഗ്ലസ് മരിലിയർ , അങ്ങനെ എത്രയെത്ര ഉദാഹരണങ്ങൾ.

1975 ലെ ലോകകപ്പിലുമുണ്ട് ത്രസിപ്പിക്കുന്ന ചില ഉദാഹരണങ്ങൾ. അക്കാലത്ത് ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ടത് രണ്ട് അവസാന വിക്കറ്റ് പോരാട്ടങ്ങളാണ്. ടൂർണമെന്റിലെ എട്ടാമത്തെ മാച്ചിൽ പാകിസ്ഥാനെതിരെ വെസ്റ്റിൻഡീസിന്റെ ലാസ്റ്റ് മെൻ സ്റ്റാൻഡിംഗും ഫൈനലിൽ ലോർഡ്സിനെ സാക്ഷി നിർത്തി ഡെന്നിസ് ലില്ലിയും ജെഫ് തോംസണും അതേ വെസ്റ്റിൻഡീസിനെതിരെ തന്നെ നയിച്ച പോരാട്ടവുമാണവ.ഒന്ന് വിജയിച്ചപ്പോൾ മറ്റേത് തോറ്റുപോയെന്ന് മാത്രം

ടൂർണമെന്റിലെ എട്ടാമത്തെ മാച്ചിലായിരുന്നു ജയിച്ച പോരാട്ടം. പാകിസ്ഥാനും വെസ്റ്റിൻഡീസും തമ്മിലായിരുന്നു കളി. ആദ്യം ബാറ്റു ചെയ്ത പാകിസ്ഥാൻ മജീദ് ഖാൻ , മുഷ്താഖ് മൊഹമ്മദ് , വസിം രാജ എന്നിവരുടെ അർദ്ധ സെഞ്ച്വറികളുടെ സഹായത്തോടെ അറുപത് ഓവറിൽ 266 റൺസെടുത്തു. അന്ന് കത്തിനിന്നിരുന്ന വെസ്റ്റിൻഡീസിനെ തോൽപ്പിക്കാൻ അതു മതിയാവില്ലെന്ന് പാകിസ്ഥാൻ ക്യാപ്ടനായ മജീദ് ഖാനു പോലും നല്ല ഉറപ്പായിരുന്നു.

എന്നാൽ സംഭവിച്ചത് മറിച്ചാണ്. സർഫ്രാസ് നവാസിന്റെ തീപാറുന്ന പന്തുകൾക്ക് മുന്നിൽ വെസ്റ്റിൻഡീസ് മുൻനിര തകർന്നടിഞ്ഞു. സ്കോർ ബോർഡിൽ 99 റൺസ് ചേർക്കുന്നതിനിടെ ഗ്രീനിഡ്ജും കാളിചരണും വിവിയൻ റിച്ചാർഡ്സുമടക്കമുള്ള കൂറ്റന്മാർ കൂടാരം കയറി. ചെറുത്തു നിന്ന ക്ലൈവ് ലോയ്ഡിനെ പാർട്ട് ടൈം ബൗളറായ അന്നത്തെ പയ്യൻ ജാവേദ് മിയാൻ ദാദ് കീപ്പർ വാസിം ബാരിയുടെ കയ്യിലെത്തിച്ചപ്പോൾ വെസ്റ്റിൻഡീസിന്റെ സ്കോർ ഏഴിന് 151.

എട്ടാമനായി ഇറങ്ങിയ വിക്കറ്റ് കീപ്പർ ഡെറക് മുറേ പക്ഷേ തോറ്റ് പിൻവാങ്ങാൻ തയ്യാറല്ലായിരുന്നു. ബൗളർമാരായ ബോയ്സിനേയും ഹോൾഡറിനേയും കൂട്ടുപിടിച്ച് സ്കോർ ഇരുനൂറു കടത്തി. ഒൻപതാം വിക്കറ്റിൽ 37 റൺസ് കൂട്ടിച്ചേർത്തപ്പോൾ അന്തകനായി സർഫ്രാസ് നവാസ് വീണ്ടുമെത്തി. 16 റൺസെടുത്ത ഹോൾഡർ ഔട്ട്. വെസ്റ്റിൻഡീസ് 9 വിക്കറ്റിന് 203.

അവസാന വിക്കറ്റിൽ ജയിക്കാൻ 64 റൺസ്. അവസാന ബാറ്റ്സ്മാൻ വരെ ഓൾ റൗണ്ടറാകുന്ന ഇന്നത്തെ കാലമല്ല. തീപാറുന്ന പന്തുകൾക്ക് പേരുകേട്ട ആൻഡ് റോബർട്സെന്ന അതികായൻ ബാറ്റുമായി അത്ര സൗഹൃദമുള്ള ആളുമല്ല. ടീം തോറ്റതു തന്നെയെന്ന് ആരാധകരും.
ഡെറക് മുറെ അക്ഷോഭ്യനായി ആൻഡി റോബർട്സിനോട് പറഞ്ഞു. പതിനാറ് ഓവറുകളാണ് ബാക്കി. ഇതിൽ പതിനാറു പന്തുകൾ ബൗണ്ടറി കടന്നാൽ മതി ജയമുറപ്പ്. എങ്കിൽ പൊരുതിനോക്കാമെന്നായി ആൻഡി റോബർട്ട്സ്.

പാകിസ്ഥാൻ പടിച്ച പണി പതിനെട്ടും നോക്കി. മഹാമേരു പോലെ മുറേ. മനസ്സില്ല തോൽക്കാനെന്ന് റോബർട്ട്സ്. ഇഞ്ചോടിഞ്ച് പോരാട്ടം. കളി അവസാന ഓവ്കർ വരെ നീട്ടി വെസ്റ്റിൻഡീസ് വിജയത്തിനടുത്തേക്ക്. അവസാന ഓവറിൽ ജയിക്കാൻ വേണ്ടത് അഞ്ച് റൺസ്. പാർട്ട് ടൈം ബൗളറായ വസിം രാജയെ ക്യാപ്ട്ൻ മജീദ് ഖാൻ പന്തേൽപ്പിച്ചു. ആദ്യ പന്ത് റോബർട്സിന്റെ പാഡിൽ കൊണ്ട് ഷോർട്ട് ഫൈൻ ലെഗ്ഗിലേക്ക്. ഒരു റണ്ണിനായി റോബർട്ട്സ് ഓടി. പന്ത് ഓടിയെടുത്തെ കീപ്പർ വസിം ബാരി നോൺ സ്ട്രൈക്കിംഗ് എൻഡിനെ ലാക്കാക്കി ആഞ്ഞെറിഞ്ഞു. എന്നാർ രാജയ്ക്ക് പന്ത് കൈക്കലാക്കാൻ പറ്റിയില്ല. ഓവർത്രോയുടെ ആനുകൂല്യത്തിൽ ഒരു റൺ കൂടി ഓടി ഇരുവരും.

അടുത്ത പന്ത് സ്ക്വയർലെഗ്ഗിലേക്ക് തട്ടിയിട്ടു റൊബർട്ട്സ്. ഫീൽഡർ പന്തിനടുത്തെത്തുന്നതിനു മുൻപ് തന്നെ മുറെ രണ്ടാമത്തെ റൺസിനുള്ള ഓട്ടം ആരംഭിച്ചു കഴിഞ്ഞിരുന്നു. വീണ്ടും രണ്ട് റൺസ്. മൂന്ന് പന്തിൽ വേണ്ടത് ഒരു റൺ മാത്രം. അടുത്ത പന്ത് നോ റൺ. ബർമിംഗ്‌ഹാമിലെ കരീബിയൻ ആരാധകരെ ആനന്ദ നൃത്തത്തിലാറാടിച്ച ഷോട്ട് പിറന്നത് നാലാമത്ത് പന്തിലായിരുന്നു. മിഡ് വിക്കറ്റിലേക്ക് തട്ടി വിട്ട പന്ത് ഫീൽഡർ കൈപ്പിടിയിലാക്കുന്നതിനു മുൻപ് തന്നെ ബാറ്റുയർത്തിപ്പിടിച്ച് ആൻഡ് റോബർട്ട്സ് പവലിയനിലേക്ക് ഓടിക്കഴിഞ്ഞിരുന്നു. ആഹ്ലാദാരവത്തോടെ കാണികൾ ഗ്രൗണ്ടിലേക്കും.

തോറ്റുപോയ ലാസ്റ്റ്‌മാൻ സ്റ്റാൻഡിംഗ് ഫൈനലിലായിരുന്നു നടന്നത്. ക്ലവി ലോയ്ഡിന്റെ വെടിക്കെട്ട് ബാറ്റിംഗിന്റെ സഹായത്തോടെ ആദ്യം ബാറ്റ് ചെയ്ത വെസ്റ്റിൻഡീസ് 60 ഓവറിൽ എട്ടിനു 291 റൺസെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ ഓസീസിനെ ബോയ്സിന്റെ ബൗളിംഗും ബാറ്റ്സ്മാന്മാരുടെ ധാരണപ്പിശകുമൂലമുള്ള റണ്ണൗട്ടുകളും ബാധിച്ചു. ബോയ്സ് നാലു വിക്കറ്റുകൾ വീഴ്ത്തിയപ്പോൾ അഞ്ചു പേർ റണ്ണൗട്ടായി.

ഒൻപതാം വിക്കറ്റിൽ വാക്കർ വീണതിനു ശേഷം ഒത്തുചേർന്ന ഓസീസിന്റെ സ്റ്റാർ ബൗളർമാരായ ജെഫ് തോംസണും ഡെന്നിസ് ലില്ലിയും ഇക്കുറി ബാറ്റ് കൊണ്ട് ഒന്ന് പൊരുതാൻ തന്നെ തീരുമാനിച്ചു. അവസാന വിക്കറ്റിൽ ജയിക്കാൻ വേണ്ടത് 59 റൺസ്.ലില്ലിയും തോംസണും ആക്രമിച്ചു തന്നെ കളിച്ചു. ഓസ്ട്രേലിയ ഇഞ്ചോടിഞ്ച് വിജയ സ്കോറിലേക്ക് അടുത്തുകൊണ്ടിരുന്നു. പത്താം വിക്കറ്റിൽ ഇരുവരും ചേർന്ന് 41 റൺസ് അടിച്ചെടുത്തു.

അൻപത്തെട്ടാം ഓവറിലെ നാലാമത്തെ പന്ത്.

വാൻബേൺ ഹോൾഡറിന്റെ പന്ത് ചാടിയിറങ്ങി വീശിയ ജെഫ് തോംസണിനു  പിഴച്ചു. പന്ത് ബാറ്റിൽ കൊള്ളാതെ നേരെ കീപ്പറുടെ കയ്യിലേക്ക്. മുന്നോട്ടോടാൻ ശ്രമിച്ച തോംസൺ തിരിച്ചെത്താൻ ഡൈവ് ചെയ്ത് വീണെങ്കിലും പരിചയ സമ്പന്നനായ വിക്കറ്റ് കീപ്പർ ഡെറക് മുറേ അതിനിടയിൽ സ്റ്റമ്പ് തകർത്തിരുന്നു. മറുവശത്ത് അവിശ്വസനീയതയോടെ ഡെന്നിസ് ഡില്ലി. ഓസ്ട്രേലിയ 274 നു പുറത്ത്.

ആർത്തിരമ്പി വരുന്ന കാണികൾക്കിടയിലൂടെ ആഹ്ലാദത്തോടെ വെസ്റ്റിന്ത്യൻ താരങ്ങൾ പവലിയനെ ലക്ഷ്യമാക്കി ഓടിയപ്പോൾ തകർന്ന മനസ്സുമായി ലോകകപ്പ് കൈവിട്ടു പോയതിൽ തലതാഴ്ത്തി തോംസണും ലില്ലിയും മടങ്ങി. ആദ്യ ലോകകപ്പ് കിരീടം കരീബിയൻ കരുത്തിന് അലങ്കാരമായപ്പോൾ അനിശ്ചിതത്വത്തിന്റെ കളിയാണ് ഞാനെന്ന് ഉറക്കെ പ്രഖ്യാപിച്ച് ക്രിക്കറ്റ് അപ്പോഴും തല ഉയർത്തിപ്പിടിച്ചു തന്നെ നിന്നു.

83 Shares

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close