കോട്ടയം: മണര്‍ക്കാട് പോലീസ് കസ്റ്റഡിയിലെടുത്തയാള്‍ തൂങ്ങി മരിച്ച സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന് സ്വമേധയാ കേസെടുത്തു. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് ഒരു മാസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്ന് കോട്ടയം ജില്ലാ പോലീസ് മേധാവിക്ക് മനുഷ്യാവകാശ കമ്മീഷന് അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡോമനിക് നിര്‍ദേശം നല്കി.
കേസില്‍ ഉള്‍പ്പെട്ട രണ്ട് പോലീസുകാരെ സസ്പെന്‍ഡ് ചെയ്തിരുന്നു. സിപിഒ സെബാസ്റ്റ്യന്‍ വര്‍ഗീസ്, എഎസ്ഐ പ്രസാദ് എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്.
മണര്‍ക്കാട് സ്വദേശിയായ നവാസ് ആണ് മണര്‍കാട് പോലീസ് സ്റ്റേഷനില്‍ തൂങ്ങി മരിച്ചത്. പോലീസ് സ്റ്റേഷനിലെ കുളിമുറിയുടെ ജനാലയില്‍ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കോടതിയില്‍ കൊണ്ട് പോകുന്നതിന് തൊട്ട് മുന്‍പായിരുന്നു ആത്മഹത്യ. ഇന്നലെ രാവിലെയായിരുന്നു സംഭവം.
മദ്യപിച്ച് ബഹളമുണ്ടാക്കിയതിനായിരുന്നു നവാസിനെ മണര്‍ക്കാട് പോലീസ് കസ്റ്റഡിയിലെടുത്തത്.