ഷാര്‍ജ: യുഎയില്‍ വിഷ വാതകം ശ്വസിച്ച് 10 വയസുകാരന് മരിക്കാനിടയായ സംഭവത്തില്‍ മരണകാരണമായത് അടുത്തുള്ള വീട്ടില്‍ ഉപയോഗിച്ച നിരോധിത കീടനാശിനിയെന്ന് റിപ്പോര്‍ട്ട്. പാകിസ്ഥാന് സ്വദേശിയായ ഖുസൈമ എന്ന 10 വയസ്സുകാരനാണ് ദാരുണാന്ത്യം സംഭവിച്ചത്. അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് അച്ഛനും അമ്മയും മകനും മകളുമടങ്ങുന്ന നാലംഗ കുടുംബം ചികിത്സ തേടിയത്. ആശുപത്രിയിലെത്തിയെങ്കിലും ഖുസൈമയുടെ ജീവന് രക്ഷിക്കാനായില്ല. ഭക്ഷ്യവിഷബാധ ഏറ്റതാണെന്നായിരുന്നു ആദ്യ നിഗമനം. കുടുംബത്തിലെ പെണ്‍കുട്ടി ഇപ്പോഴും ചികിത്സയിലാണ്. ഈ കുട്ടിയുടെ ആരോഗ്യനില മെച്ചപ്പെട്ടുവെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
ആശുപത്രി അധികൃതരുടെ നിര്‍ദ്ദേശപ്രകാരം സ്ഥലത്തെത്തിയ പൊലീസും ഫോറന്‍സിക് ഉദ്യോഗസ്ഥരും ഇവരുടെ വീടും തൊട്ടടുത്ത ഫ്ളാറ്റുകളും പരിശോധിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് തൊട്ടടുത്ത വീട്ടില്‍ നിന്നാണ് വിഷവാതകം ഇവരുടെ വീട്ടിലെത്തിയതെന്ന് കണ്ടെത്തിയത്. വീട്ടില്‍ കീടനാശിനി തളിച്ച ശേഷം ഇവിടുത്തെ താമസക്കാര്‍ അവധി ആഘോഷിക്കാന്‍ മറ്റൊരു രാജ്യത്തേക്ക് പോവുകയായിരുന്നു. ഈ വീടിന്റെ വാതില്‍ പൊളിച്ചാണ് ഉദ്യോഗസ്ഥ സംഘം അകത്ത് കടന്നത്. അലൂമിനിയം ഫോസ്ഫൈഡ് എന്ന കീടനാശിനിയാണ് ഇവിടെ ഉപയോഗിച്ചിരുന്നത്. ജനവാസ മേഖലകളില്‍ ഇതിന് നിരോധനം ഏര്‍പ്പെടുത്തിയിട്ടുള്ളതാണ്. വ്യക്തികള്‍ക്ക് ഇത് വിപണിയില്‍ നിന്ന് വാങ്ങാന്‍ സാധിക്കില്ല. ഈ സാഹചര്യത്തില്‍ കീടനാശിനി എങ്ങനെ വീട്ടില്‍ എത്തിയെന്ന കാര്യത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.
അതേസമയം നിയമവിരുദ്ധമായി കീടനാശിനികള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഷാര്‍ജ മുനിസിപ്പാലിറ്റി അറിയിച്ചു. 62 കമ്പനികള്‍ക്കാണ് ഷാര്‍ജയില്‍ കീടനാശിനികള്‍ വില്‍ക്കുന്നതിന് ലൈസന്‍സുള്ളത്. ഇവര്‍ക്കായി പ്രത്യേക മാര്‍ഗ നിര്‍ദ്ദേശങ്ങളും നല്‍കിയിട്ടുണ്ട്. പരിശോധിച്ച് അംഗീകാരം നല്‍കാത്ത ഒരു കീടനാശിനി പോലും ഉപയോഗിക്കാന്‍ പാടില്ലെന്നതാണ് രാജ്യത്തെ നിയമം.