സത്യമപ്രിയം

തിരിച്ചറിയണം മാതൃഭൂമിയും മനോരമയും; ‘ചൗക്കിദാര്‍ ജോര്‍ ഹെ’

സത്യമപ്രിയം - ജി.കെ. സുരേഷ്ബാബു

ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ വോട്ട് എണ്ണിയത് മെയ് 23 ന് ആയിരുന്നു. 24 ന് ഇറങ്ങിയ രണ്ട് പത്രങ്ങള്‍, മലയാളത്തിലെ മുഖ്യധാരാ പത്രങ്ങള്‍ കണ്ടപ്പോള്‍ വല്ലാതെ വികാരം കൊണ്ട് വിജൃംഭിതനായിപ്പോയി. ഈ മാതൃഭൂമിയെയും മനോരമയെയും ആണോ സംഘപരിവാറുകാര്‍ പക്ഷപാത മാദ്ധ്യമപ്രവര്‍ത്തനം എന്ന് പറഞ്ഞ് ആക്ഷേപിക്കുന്നത്. ‘വീണ്ടും സിംഹാസനം’ എന്നായിരുന്നു മനോരമയുടെ തലക്കെട്ട്. മനോരമയുടെയും മനോരമ കുടുംബത്തിന്റെയും വ്യര്‍ത്ഥമായ മൂഢസങ്കല്പങ്ങളുടെ നിരാശ, ‘പ്രതിപക്ഷ നേതാവ് പദവിക്ക് ആവശ്യമായ 55 സീറ്റ് പോലും തികയ്ക്കാനാവാതെ തകര്‍ന്നടിഞ്ഞ് കോണ്‍ഗ്രസ്’ എന്ന ഷോള്‍ഡര്‍ ഹെഡ്‌ലൈനില്‍ കാണാം. നരേന്ദ്രമോദിയുടെ മുഖത്ത് മൂക്കിന്റെ പാലവും കണ്ണിനെ മൂടിയ രീതിയില്‍ അമിത്ഷായുടെ ചിത്രവും വരച്ചു ചേര്‍ത്തിരിക്കുന്നു. ഒരു കലാകാരന്റെ ആവിഷ്‌ക്കാര സ്വാതന്ത്ര്യം എന്ന രീതിയില്‍ ഇതിനെ വ്യാഖ്യാനിക്കാമെങ്കിലും മോദിയുടെ കണ്ണ് മൂടി ശ്വാസവും തലച്ചോറും നിയന്ത്രിക്കുന്നത് അമിത്ഷാ ആണ് എന്ന നിന്ദ്യമായ ദു:സൂചന അതില്‍ പ്രകടമാണ്.

പ്രധാനമന്ത്രി നരേന്ദ്രമോദിയോടും ബി ജെ പിയോടും ബി ജെ പി നേതാക്കളോടുമുള്ള മലയാള മനോരമയുടെയും മനോരമ കുടുംബത്തിന്റെയും ചൊറി ഒരു പുതിയ സംഭവമല്ല. ഒറീസയിലെ ഒരു സൈക്കിളും തുണിസഞ്ചിയും ഏതാനും പുസ്തകങ്ങളും മാത്രം സ്വത്തായുള്ള മന്ത്രി പ്രതാപ് സാരംഗിയെ പോലെ കുറച്ചു പുസ്തകങ്ങളും നാലോ അഞ്ചോ വെള്ളമുണ്ടും ഷര്‍ട്ടും മാത്രം സ്വത്തായുള്ള സന്യസ്ത ജീവിതത്തെക്കാള്‍ ലളിതവും ഋഷിതുല്യമായ നിഷ്‌കാമ കര്‍മ്മവും നടത്തുന്ന കുമ്മനം രാജശേഖരനെ മിസോറാം ഗവര്‍ണ്ണറാക്കിയപ്പോള്‍ ചാനലില്‍ കൊടുത്ത തലവാചകം ‘ട്രോളല്ല’ എന്നായിരുന്നു. പിന്നീട് രാഷ്ട്രീയ ആക്ഷേപഹാസ്യ പരിപാടിയില്‍ എല്ലാ നായയ്ക്കും ഒരു ദിവസമുണ്ട് എന്നായിരുന്നു കമന്റ്. ടെലിവിഷന്‍ ചാനലുകളുടെ ഉള്ളടക്കം സംബന്ധിച്ച പരിശോധനാ സമിതി പരാതിയുടെ അടിസ്ഥാനത്തില്‍ മലയാള മനോരമയെ താക്കീത് ചെയ്യുകയും ചെയ്തു. ഹിന്ദുത്വ രാഷ്ട്രീയത്തോടും ഹിന്ദുക്കളുടെ സ്വത്വാഭിമാന ബോധത്തോടുമുള്ള മനോരമയുടെ ചൊറിച്ചില്‍ എന്‍ എസ് എസ്സിന്റെ ചരിത്രത്തിലും മന്നത്ത് പത്മനാഭന്റെ ജീവിതസ്മരണകളിലും ഒക്കെ രേഖപ്പെടുത്തിയിട്ടുണ്ട്.

ഹിന്ദുമഹാമണ്ഡലത്തെ പൊളിക്കാന്‍ നസ്രാണി പ്രമാണിമാര്‍ നടത്തിയ എല്ലാ ഉദ്യമങ്ങള്‍ക്കും പിന്നില്‍ മനോരമ ഉണ്ടായിരുന്നു. സ്വന്തം സമുദായത്തിനോ വ്യവസായ താല്പര്യത്തിനോ മനോരമ പ്രവര്‍ത്തിക്കുന്നതിനെ ആരും വിമര്‍ശിക്കുന്നില്ല. മനോരമയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ക്കും ആശയാഭിലാഷങ്ങള്‍ക്കും അനുസൃതമായി നീങ്ങുന്നതിനും ആരും എതിരല്ല. പക്ഷേ, മനോരമയുടെ സര്‍ക്കുലേഷനിലും ചാനലിന്റെ വരിക്കാരിലും ക്രിസ്ത്യാനികള്‍ മാത്രമല്ല. ഒന്നര കോടി വായനക്കാരില്‍ മൊത്തം പേരും ക്രിസ്തുമതത്തില്‍ നിന്ന് മാത്രമാകാനുള്ള അംഗസംഖ്യ കേരളത്തിലെ ക്രിസ്ത്യാനികള്‍ക്കില്ല. ക്രിസ്ത്യാനികള്‍ മാത്രമാണ് പത്രം വായിക്കുന്നതെങ്കില്‍ എത്ര പേര്‍ വരിക്കാരുണ്ടാകുമെന്ന് മലയാള മനോരമ ആലോചിക്കണം. കുമ്മനം രാജശേഖരനെ ദൈവതുല്യമായി കാണുന്നവര്‍ നിരവധിയാണ്. അതേപോലെ തന്നെ, പ്രധാനമന്ത്രി നരേന്ദ്രമോദിയെ ദൈവനിയോഗമായി കാണുന്നവരും ഇന്ത്യയിലുണ്ട്. നോസ്റ്റര്‍ഡാമസിന്റെ പ്രവചനം പോലെ 2014 മുതല്‍ ഇന്ത്യയെ ലോകഗുരുവായി വളര്‍ത്തിയെടുക്കാനുള്ള ദൗത്യവുമായാണ് നരേന്ദ്രമോദി എത്തിയതെന്ന് അവര്‍ കരുതുന്നു. വീണ്ടും സിംഹാസനമെന്ന് തലക്കെട്ടെഴുതി പരിഹസിച്ച് നിര്‍വൃതിയടയുമ്പോള്‍ താന്‍ ഈ രാജ്യത്തിന്റെ മുഖ്യസേവകനാണെന്ന് പറയുന്ന പ്രധാനമന്ത്രി സിംഹാസനമല്ല ലക്ഷ്യമിടുന്നതെന്ന് മനസ്സിലാക്കാനുള്ള ആര്‍ജ്ജവം മനോരമക്ക് ഉണ്ടാകണം. ഏറ്റവും കുറഞ്ഞത് കെ എം മാത്യുവിന്റെ എട്ടാമത്തെ മോതിരം ഒരിക്കലെങ്കിലും വായിക്കാന്‍ ഇമ്മാതിരി കുരുട്ടുബുദ്ധികളോട് ഉപദേശിക്കണം.

ഉപദേശവും ഉപദേശിയും വചനപ്രഘോഷണവും സത്യവിശ്വാസവും ആഗോള ക്രൈസ്തവവത്കരണവും അജണ്ടയാക്കിയ ഇത്തരം മാധ്യമപുംഗവന്മാര്‍ക്ക് ഹിന്ദുത്വത്തോടുള്ള ചൊറിച്ചില്‍ മനസ്സിലാകും. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്‍പ് രാഹുല്‍ അഥവാ റാവുള്‍ വിന്‍സി കേരളത്തിലേക്ക് വരുമ്പോള്‍ ആ വിമാനത്തില്‍ ഞങ്ങളും ഉണ്ടായിരുന്നു എന്ന് ഊറ്റം കൊണ്ട് വാര്‍ത്ത നല്‍കിയത് മനോരമ പത്രാധിപസമിതിയുടെ ഉന്നത തലത്തിലുള്ളവര്‍ തന്നെയാണ്. അങ്ങനെ മറ്റൊരു മാധ്യമങ്ങളെയും കയറ്റാതെ മനോരമക്കാരനെ മാത്രം കയറ്റി അവരോട് മാത്രം സംവദിച്ചു വന്ന രാഹുല്‍ഗാന്ധിയുടെ മനോരമയോടുള്ള വിശ്വാസം അചഞ്ചലമാണ്. അത് മാധ്യമപ്രവര്‍ത്തനത്തേക്കാളേറെ സമുദായസ്‌നേഹമാണെന്ന് ആരെങ്കിലും സന്ദേഹിച്ചാല്‍ അതിനെ കുറ്റം പറയാനാകുമോ? ആകില്ല എന്നുമാത്രമല്ല, മനോരമയുടെ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ ചോദ്യം ചെയ്യപ്പെടുന്നതും ഈ ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ തന്നെയാണ്.

സ്വാതന്ത്ര്യദിനത്തിന്റെ തലേദിവസം വരെ മഹാത്മാഗാന്ധിജിയെ മി. ഗാന്ധി എന്ന് വിളിക്കുകയും സ്വാതന്ത്ര്യസമരത്തെ അവഹേളിക്കുകയും ചെയ്ത മനോരമ സ്വാതന്ത്ര്യത്തിനുശേഷം എങ്ങനെയാണ് പൊടുന്നനെ സ്വാതന്ത്ര്യസമരപ്പോരാളികളായി മാറിയതെന്ന് ആര്‍ക്കുമറിയില്ല. വിഷവൃക്ഷത്തിന്റെ അടിവേരുകള്‍ എന്ന പേരില്‍ ദേശാഭിമാനിയുടെ മുന്‍ ചീഫ് റിപ്പോര്‍ട്ടറും ഇപ്പോള്‍ സ്വതന്ത്ര പത്രപ്രവര്‍ത്തകനുമായ ജി ശക്തിധരന്‍ എഴുതിയ പുസ്തകത്തില്‍ മനോരമയുടെ ഈ കരിപുരണ്ട ചരിത്രം അക്കമിട്ട് നിരത്തിയിട്ടുണ്ട്.

പത്രപ്രവര്‍ത്തനം സ്വതന്ത്രവും വസ്തുനിഷ്ഠവുമാകണം. തിരഞ്ഞെടുപ്പുകാലത്തെ ഓരോ ദിവസത്തെയും മലയാളമനോരമ ദിനപത്രവും അതിലെ വാര്‍ത്തകളും ഒരു സ്വതന്ത്രസമിതിയ്ക്കു മുന്നില്‍ വിലയിരുത്താന്‍ അവര്‍ ധൈര്യം കാട്ടുമോ? ഓരോ ദിവസവും റഫേലിന്റെ പേരിലും ഇല്ലാത്ത അബദ്ധജടിലമായ കെട്ടുകഥകളുടെയും പേരില്‍ നരേന്ദ്രമോദിയെയും ബി ജെ പിയെയും കരിതേക്കാനും കുറ്റവാളികളാക്കാനും നടത്തിയ ശ്രമങ്ങള്‍ ജുഗുപ്ത്സാവഹങ്ങളാണ്. സത്യമേ പറയാവൂ, പ്രിയമുള്ളതേ പറയാവൂ, അപ്രിയമായ സത്യം പറയരുത് എന്നിങ്ങനെയുള്ള മഹദ് വചനങ്ങള്‍ അപ്രിയസത്യം പറയുകയാണ് പത്രധര്‍മ്മമെന്ന് മഹാമനീഷികള്‍ നേരത്തെ പറഞ്ഞിട്ടുണ്ട്. പക്ഷേ, മനോരമ ചെയ്തത് അപ്രിയ അസത്യങ്ങള്‍ സത്യങ്ങള്‍ എന്ന പേരില്‍ മാലോകരെ കൊട്ടിഘോഷിച്ച് അറിയിക്കുകയായിരുന്നു.

വരികള്‍ക്കിടയിലും വാക്കുകള്‍ക്കിടയിലും തിരുകിക്കയറ്റിയ കൊള്ളിവാക്കുകളും ആരോപണങ്ങളും അസത്യങ്ങളും നിഷ്പക്ഷ പത്രപ്രവര്‍ത്തനത്തിന് ഭൂഷണമല്ലെന്ന് മാത്രമല്ല, ധര്‍മ്മോസ്മത് കുലദൈവതം എന്ന പ്രഖ്യാപിത ആപ്തവാക്യത്തിനും എതിരാണ്. തിരഞ്ഞെടുപ്പു വിധി വന്നദിവസത്തെ പത്രത്തില്‍ മനോരമയുടെ മുഖപ്രസംഗത്തിന് നല്‍കിയ തലക്കെട്ടില്‍ പാളിപ്പോയ പ്രതിപക്ഷനീക്കം എന്നത് പാളിപ്പോയ മനോരമാനീക്കം എന്ന് വായിക്കാനാണ് സാധാരണക്കാര്‍ ഇഷ്ടപ്പെടുന്നത്. സത്യ പറയാന്‍ ആര്‍ജ്ജവം വേണം. അതല്ലെങ്കില്‍ ഞങ്ങള്‍ സമുദായ താല്പര്യത്തിനുവേണ്ടി സത്യമല്ല, കളവാണ് പറയുന്നതെന്ന് തുറന്നുപറയാനുള്ള ഉളുപ്പെങ്കിലും വേണം. കോട്ടയത്തെ അങ്ങാടിയില്‍ റബ്ബറും ഏലവും കുരുമുളകും വില്‍ക്കാനെത്തുന്ന വെള്ളിക്കോല്‍ നസ്രാണിയുടെ സത്യസന്ധതയെങ്കിലും പുലര്‍ത്താന്‍ മനോരമയ്ക്കു കഴിയണം.

കുമ്മനത്തിനോടുള്ള ചൊരുക്ക് ഇപ്പോള്‍ തുടങ്ങിയതല്ല. കുടുംബക്കാരുടെയും ക്രിസ്തീയ പ്രമാണിമാരുടെയും ഏറ്റവും വലിയ അഭിലാഷമായിരുന്നു ശബരിമല പൂങ്കാവനത്തിലെ ക്രിസ്ത്യന്‍ പള്ളി. അതിനെതിരെ പടനയിച്ച കുമ്മനം മനോരമയ്ക്കും മനോരമാവിലാസം നസ്രാണികള്‍ക്കും അനഭിമതനാകുന്നത് സ്വാഭാവികം തന്നെ. ചൊരുക്ക് തീര്‍ത്തത് കുമ്മനം ജയിക്കുമെന്ന വ്യാജ സര്‍വ്വേഫലത്തിലൂടെ കുമ്മനത്തിന് എതിരായ ന്യനപക്ഷ വോട്ടുബാങ്ക് ധ്രുവീകരണത്തിലൂടെയാണ്. നാലു ലക്ഷത്തോളം ന്യൂനപക്ഷ വോട്ടുകളില്‍ മൂന്നേകാല്‍ ലക്ഷവും ശശി തരൂരിന് പോള്‍ ചെയ്തപ്പോഴാണ് ഇതിലെ ഗൂഢാലോചന വ്യക്തമാകുന്നത്. ഈ തിരഞ്ഞെടുപ്പു കാലത്ത് പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ബി ജെ പിക്കും എതിരെ കുത്തും കോളും വച്ച് നല്‍കിയ വാര്‍ത്തകള്‍ എത്രയായിരുന്നു.

റഫേല്‍ അടക്കം ഓരോ സംഭവത്തിലും കേന്ദ്രസര്‍ക്കാര്‍ തെറ്റുചെയ്തു എന്ന പേരില്‍ പോലും വാര്‍ത്തകള്‍ ചെയ്യാന്‍ മനോരമയും മാതൃഭൂമിയും മടിച്ചില്ല. എല്ലാ അഭിപ്രായ സര്‍വ്വേകളും ബി ജെ പിയും എന്‍ ഡി എയും ഭൂരിപക്ഷം നേടുമെന്ന് പറഞ്ഞപ്പോഴും അത് അംഗീകരിക്കാനുള്ള മനസ്സ് അവര്‍ക്ക് ഉണ്ടായില്ല. മാതൃഭൂമിയിലും തലക്കെട്ട് ‘അജയ്യനായി മോദി’ എന്നായിരുന്നു. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ദിവസം മുതല്‍ ഫലം പുറത്തുവന്ന ദിവസം വരെയുള്ള മാതൃഭൂമിയുടെയും മനോരമയുടെയും ഓരോ ദിവസത്തെയും പത്രങ്ങള്‍ രാഷ്ട്രീയക്കാര്‍ക്ക് മാത്രമല്ല, പത്രപ്രവര്‍ത്തനം പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കു പോലും ഒരുപക്ഷേ, ഏറ്റവും വിസ്മയകരവും ആകര്‍ഷകവുമായ പഠനവിഷയം ആയിരിക്കും. ഓന്തിനെ പോലും നാണിപ്പിക്കുന്ന രീതിയില്‍ അഭിപ്രായങ്ങള്‍ മാറ്റിമറിയ്ക്കാനും ഏത് ചെളിയിലും ഉരുളാനും മടിയില്ലാത്തവരാണ് ഈ പത്രമുത്തശ്ശിമാര്‍ എന്ന് ശ്രദ്ധേയമാണ്.

മനോരമയുടെ കാര്യത്തില്‍ ആര്‍ക്കും പരാതിയുണ്ടാവില്ല. ലാഭമുള്ള ബിസിനസ്സ് ഷൈലോക്കിന്റെ രീതിയില്‍ ചെയ്യുന്നു എന്നു മാത്രം. മുതുമുത്തശ്ശന്മാരില്‍ ഒരാള്‍ റബ്ബര്‍ വ്യവസായം തുടങ്ങി. മറ്റൊരാള്‍ പത്രവ്യവസായം നടത്തി. അതിനപ്പുറം സാമൂഹിക പ്രതിബദ്ധതയോ സംസ്‌കാരമോ ഭാരതീയ മൂല്യങ്ങളോടോ, സംസ്‌കാരത്തോടോ, പൈതൃകത്തോടോ കടപ്പാടോ കൂറോ വിശ്വാസമോ ഉണ്ടോയിരുന്നെങ്കില്‍ സ്വാതന്ത്ര്യസമരത്തെ പിന്തുണച്ച് അവര്‍ രംഗത്തുവരുമായിരുന്നു. പണം കൊടുത്ത് ചരിത്രകാരന്മാരെക്കൊണ്ടും സ്ഥാപനത്തിലെ പത്രപ്രവര്‍ത്തകരെ കൊണ്ടും എഴുതിച്ചതിനപ്പുറം സ്വാതന്ത്ര്യത്തിന്റെ എന്ത് പാരമ്പര്യമാണ് മനോരമയ്ക്ക് ഉള്ളത്? അതേസമയം സ്വാതന്ത്ര്യസമരത്തിന്റെ തീച്ചൂളയില്‍ സ്വാതന്ത്ര്യസമരസേനാനികള്‍ നെഞ്ചിലെ ചൂട് പകര്‍ന്ന് നിലത്തുവെയ്ക്കാതെ വളര്‍ത്തിയെടുത്ത മാതൃഭൂമിയുടെ, എന്റെ മാതൃഭൂമിയുടെ, ഇന്നത്തെ അവസ്ഥയില്‍ ദു:ഖം മാത്രമേയുള്ളൂ. നിഷ്പക്ഷ പത്രപ്രവര്‍ത്തനവും സ്വതന്ത്ര നിലപാടും സത്യം പറയാനുള്ള ആര്‍ജ്ജവവും ഇന്ന് മാതൃഭൂമിയ്ക്ക് ഇല്ലാതായിരിക്കുന്നു. മുതലാളിയുടെ രാഷ്ട്രീയ ഇംഗിതത്തിന് അനുസരിച്ച്, മുന്നണിമാറ്റത്തിന് അനുസരിച്ച് ആടിയും ഉലഞ്ഞും ചാഞ്ഞും ചരിഞ്ഞും വളഞ്ഞും തിരിഞ്ഞും സത്യത്തെ കരിമ്പട്ടികയിലാക്കിയ ടോയ്‌ലറ്റ് കടലാസിന്റെ വില പോലും ഇന്ന് മാതൃഭൂമിക്ക് ഇല്ലാതായിരിക്കുന്നു. മാതൃഭൂമിയുടെ ഈ പതനവും തിരഞ്ഞെടുപ്പുകാലത്തെ വാര്‍ത്തകളില്‍ വ്യക്തമാണ്.

ഇതല്ല കെ പി കേശവമേനോനും കെ മാധവന്‍നായരും കേളപ്പജിയും കെ എ ദാമോദര മേനോനും എ പി ഉദയഭാനുവും വി എം നായരും ഒക്കെ സ്വപ്‌നം കണ്ട മാതൃഭൂമി. ഒരു പഞ്ചായത്ത് മെമ്പറെ പോലും വിജയിപ്പിക്കാനുള്ള ആള്‍ബലമില്ലാത്ത ജനതാദളിന്റെ ഇംഗിതത്തിന് അനുസരിച്ച് വളയാന്‍ പാകത്തില്‍ ഉടുമ്പിനെ പോലെ നട്ടെല്ല് തല്ലിയൊടിച്ച് വികൃതമാക്കിയ മാതൃഭൂമിയാണ് ഇന്നത്തെ മാതൃഭൂമി. ഇനിയെങ്കിലും പത്രപ്രവര്‍ത്തകരുടെ സത്യനിഷ്ഠയ്ക്കും സ്വാതന്ത്ര്യവാഞ്ഛയ്ക്കും ദേശീയഹിതത്തിനും മാതൃഭൂമിയുടെ പ്രഖ്യാപിതലക്ഷ്യങ്ങളിലൊന്നായ ഭാരതത്തിന്റെ ഉജ്ജ്വലമായ പുരോഗതിയ്ക്കും അനുസൃതമായി പത്രസ്വാതന്ത്ര്യം നല്‍കാന്‍ കഴിയുമോ. എങ്കില്‍ മാത്രമേ ഇന്നത്തെ ഈ ദുര്‍ഗന്ധപൂരിതമായ ടോയ്‌ലറ്റ് പേപ്പറിനെ അടികൊണ്ട് വീഴുമ്പോഴും നെഞ്ചോട് ചേര്‍ത്തുപിടിച്ച സ്വാതന്ത്ര്യസമരസേനാനികളുടെ ഹൃദയവികാരമാക്കി വീണ്ടും മാറ്റാന്‍ കഴിയൂ. ഇതിന്റെ പിന്നാമ്പുറങ്ങളിലേക്കും അകത്തളങ്ങളിലേക്കും ചികയാന്‍ ഏറെയുണ്ട്. തല്‍ക്കാലം അതിന് ഒരുമ്പെടുന്നില്ല. സ്വതന്ത്രവും നിഷ്പക്ഷവുമായ പത്രപ്രവര്‍ത്തനത്തിന്റെ വ്യഭിചാരാമാണ് സ്വാര്‍ത്ഥലാഭത്തിനുവേണ്ടി മാതൃഭൂമിയും മനോരമയും നടത്തിയത്.

ഇനിയെങ്കിലും മാതൃഭൂമിയും മനോരമയും നെഞ്ചില്‍ കൈവച്ച് ആലോചിക്കണം; ഇതാണോ വിശ്വോത്തരമായ സത്യാന്വേഷണം? ഇതാണോ ഉദാത്തമായ പത്രപ്രവര്‍ത്തന മാതൃക? ഇതാണോ ലോകസംസ്‌കാരത്തിനു പോലും വഴികാട്ടിയാകുന്ന ശാസ്ത്രീയ പത്രപ്രവര്‍ത്തനം? നരേന്ദ്രമോദിയോട് നിങ്ങള്‍ അനുവര്‍ത്തിച്ച നിലപാട് കാലവും ചരിത്രവും ഉള്ളിടത്തോളം നിങ്ങളെ അപഹസിക്കും. സത്യത്തിന്റെ വഴിയില്‍ അണുവിട വ്യത്യാസം കൂടാതെ ജഗന്നിയന്താവായ സൂര്യനെപ്പോലെ നരേന്ദ്രമോദി അശ്വമേധം നടത്തുമ്പോള്‍ നിങ്ങളുടെ തലക്കെട്ടുകള്‍ ആരുടെ ചുണ്ടിലും ചിരി ഉയര്‍ത്തുന്നതാണ്. ‘ചൗക്കിദാര്‍ ജോര്‍ ഹെ’.

2K Shares

Scroll down for comments

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close