Movie Reviews

എന്നെന്നും ഓർക്കാൻ ഓസ്കാർ

സുബീഷ് തെക്കൂട്ട്

കുഞ്ഞു ഇസഹാക്ക് ആശുപത്രിയിൽ പിറന്ന് വീണപ്പോഴേ കേട്ടത് തൊട്ടടുത്ത സിനിമാ കൊട്ടകയിൽ നിന്നുയർന്ന ഒരു വടക്കൻ വീരഗാഥയിലെ മമ്മൂക്കയുടെ ഇടിവെട്ട് ഡയലോഗാണ്. സിനിമകൾ കണ്ടും കേട്ടും വളർന്നവൻ, സിനിമയെടുക്കാൻ പുറപ്പെട്ട്, അതിയായ ക്ളേശഭാരങ്ങൾ താണ്ടി ഓസ്കാർ വേദി വരെയെത്തുന്ന കഥയാണ്, സംവിധായകൻ സലീം അഹമ്മദിന്‍റെ തന്നെ ജീവിത കഥയാണ് ആൻഡ് ദ ഓസ്കാർ ഗോസ് ടു. ടൊവിനോയുടെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രം ഇസഹാക്ക് ഇബ്രാഹിം.

ഒരു സിനിമ പിറക്കുന്നതിന് പിറകിലെ യാതനകളും വേദനകളും ചെറുതല്ല. നിർമ്മാതാവിന്റെ ഭാര്യക്ക് പോലും കഥ സ്വീകാര്യമാകണം. ഒടുവിൽ സഹികെട്ട് സ്വയം നിർമ്മാണ ചുമതല ഏറ്റെടുത്ത് പണമുണ്ടാക്കി പണിയെടുക്കാൻ ഇറങ്ങുന്നവരെ ചൂഷണം ചെയ്യാൻ കാത്തു നിൽക്കുന്നവരും നിരവധി. അതെല്ലാം മറികടന്നാണ് ഇസഹാക്കിന്‍റെ ആ സ്വപ്നം, മിന്നാമിനുങ്ങുകളുടെ ആകാശം എന്ന ചിത്രം പൂർത്തിയാകുന്നത്. ഓസ്കാർ വേദി വരെയെത്തുന്ന യാത്രയിൽ ഇസഹാക്കിനൊപ്പം നിൽക്കുന്ന പലരുമുണ്ട്.

ഇമിറ്റേഷൻ ഗോൾഡിന്‍റെ തിളക്കമൊന്നും പോയിട്ടില്ല, തൽക്കാലം അതുതന്നെ മതിയെന്നും പറഞ്ഞ് കഴുത്തിലെയും കാതിലെയും പൊന്നെല്ലാം മകന് കൈമാറുന്ന ഉമ്മ, ഇതും വെച്ചോ എന്നും പറഞ്ഞ് കയ്യിലെ കാശെല്ലാം യാത്രക്കൊരുങ്ങുന്ന മകന്റെ പോക്കറ്റിൽ തിരുകുന്ന ഉപ്പ. മാലാ പാർവതിയും വിജയരാഘവനും അവ ഗംഭീരമാക്കി. പിന്നെയുമുണ്ട് പലരും. സലീം കുമാറിന്റെ മൊയ്തുക്ക, വെട്ടുകിളി പ്രകാശേട്ടൻ, സിദ്ദിഖിന്റെയും ലാലിന്റെയും കഥാപാത്രങ്ങൾ. കണ്ണ് നനയിക്കും ചിലരെങ്കിലും ചിലപ്പോഴെങ്കിലും. മോശമല്ലാത്ത പ്രകടനം കാഴ്ച വെച്ചവരിൽ അപ്പാനി ശരതും അനു സിത്താരയും ശ്രീനിവാസനും അമേരിക്കൻ നടി നിക്കി ഹുളൗസ്കിയും ഉണ്ട്.

എടുത്തു പറയേണ്ടത് ടൊവിനോയുടെ പ്രകടനം തന്നെ. എന്ന് നിന്റെ മൊയ്തീനിലെ അപ്പു ഒരുപാട് വളർന്നിരിക്കുന്നു. 2012ൽ പ്രഭുവിന്റെ മക്കൾ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച ടൊവിനോയെ മലയാളം മാർക്ക് ചെയ്യുന്നത് മൊയ്തീനിലാണ്. പിന്നീട് ഗപ്പിയും ഗോദയും പിന്നിട്ട് മായാനദിയിലെ മാത്തനിലേക്കും മറഡോണയിലേക്കും, ഇടയിൽ തീവണ്ടിയും മറ്റനേകം ചിത്രങ്ങളും. ഓസ്കാറിലെ ഇസഹാക്കിനെ സംഭാഷണത്തിൽ, ശരീരഭാഷയിൽ എല്ലാം തികച്ചും സ്വാഭാവികമായി അവതരിപ്പിച്ചിട്ടുണ്ട് ടൊവിനോ. ചിത്രത്തിന്‍റെ ക്ളൈമാക്സിൽ മൊയ്തുക്കയുടെ വീട്ടിൽ നിന്ന് ഇസഹാക്ക് ഇറങ്ങി വരുന്ന ഒരൊറ്റ സീൻ മതി ടൊവിനോയെ അറിയാൻ, അനശ്വരമെന്ന് വാഴ്ത്താൻ.

മലയാളത്തിൽ ഈയിടെ കൂടെക്കൂടെ നല്ല സിനിമകൾ ഉണ്ടാകുന്നു. അവക്ക് പിറകിലെ അദ്ധ്വാനത്തിന്‍റെയും ആത്മാർത്ഥതയുടെയും ആഴമറിയാൻ ഓസ്കാർ കൂടി കാണണം. സലീം അഹമ്മദ്, നിങ്ങൾ പറഞ്ഞത് ശരിയാണ്, ആദാമിന്‍റെ മകൻ അബു ഇന്നാണ് റിലീസ് ചെയ്തിരുന്നത് എങ്കിൽ ബോക്സോഫീസ് ഹിറ്റായേനെ. അതെ, നല്ല ചിത്രങ്ങളെ കാണാനും അവയ്ക്ക് കയ്യടിക്കാനും മലയാളി ശീലിക്കുകയാണ്.

സുബീഷ് തെക്കൂട്ട്

ചീഫ് സബ് എഡിറ്റർ, ജനം ടിവി

148 Shares

Scroll down for comments

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close