കൊച്ചി: റിവ്യൂ ചെയ്യുന്നത് നിർത്തിയതുകൊണ്ട് മാത്രം സിനിമ രക്ഷപ്പെടാൻ പോകുന്നില്ലെന്ന് നടൻ മമ്മൂട്ടി. കാതൽ സിനിമയുമായി ബന്ധപ്പെട്ട് അണിയറപ്രവർത്തകർ മാദ്ധ്യമങ്ങളെ കാണുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
റിവ്യൂ നോക്കിയല്ല സിനിമ കാണേണ്ടത്. അതുപോലെ തന്നെ റിവ്യൂ ചെയ്യുന്നത് നിർത്തിയത് കൊണ്ട് മാത്രം സിനിമ രക്ഷപ്പെടുകയുമില്ല. റിവ്യൂ ചെയ്യുന്നവർ അവരുടെ വഴിക്കും, സിനിമ അതിന്റെ വഴിക്കും പോകും. സിനിമ റിവ്യൂ ചെയ്യുന്നതും റോസ്റ്റിംഗ് നടത്തുന്നതും രണ്ടുതരം പ്രവൃത്തിയാണെന്നും മമ്മൂട്ടി വ്യക്തമാക്കി.
അഭിപ്രായ സ്വാതന്ത്ര്യം എല്ലാവർക്കുമുണ്ട്. പക്ഷെ അത് നമ്മുടെ അഭിപ്രായം തന്നെയാകണം. വേറൊരാളുടെ അഭിപ്രായമെടുത്ത് നമ്മുടേതാണെന്ന് കരുതിയാൽ അവിടെയെല്ലാം പോയി. അതെല്ലാവരും മനസിലാക്കിയാൽ പിന്നെയെല്ലാം ഓകെയാണെന്നും മമ്മൂട്ടി പറഞ്ഞു. റിവ്യൂ കേട്ട് സിനിമയ്ക്ക് പോകാൻ ഉദ്ദേശിക്കുന്നവരെ പരോക്ഷമായി വിമർശിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
സിനിമ റിവ്യൂ ചെയ്യുന്നത് സിനിമയുടെ വിജയത്തെ ബാധിക്കുമെന്ന വിമർശനങ്ങളുടെ പശ്ചാത്തലത്തിലാണ് മമ്മൂട്ടിയുടെ പരാമർശം. ഇതുസംബന്ധിച്ച് മാദ്ധ്യമപ്രവർത്തകർ ചോദ്യം ഉന്നയിക്കുകയും ചെയ്തിരുന്നു.