അലിഗഡ്: ഉത്തര്‍പ്രദേശിലെ അലിഗഡില്‍ വഴിയോര കച്ചവടക്കാരന്റെ കടയില്‍ പരിശോധന നടത്തിയ വാണിജ്യ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ ഞെട്ടി. പരിശോധനയില്‍ കടക്കാരന്റെ വാര്‍ഷിക വരുമാനം 60 ലക്ഷം രൂപയാണെന്നും ഇയാള്‍ നികുതി അടക്കുന്നില്ലെന്നു്ം കണ്ടെത്തി.
ജിഎസ്ടിയുടെ കീഴില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് കണ്ടെത്തിയതിനേ തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ കടയുടെ ഉടമയായ മുകേഷ് കുമാറിനു നോട്ടീസയച്ചു. പരിശോധനയില്‍ മുകേഷ് കുമാറിന്റെ വാര്‍ഷിക വരുമാനം 60 ലക്ഷത്തിലധികം വരുമെന്ന് കണ്ടെത്തിയതായി വാണിജ്യ നികുതി വകുപ്പിലെ അഡീഷണല്‍ കമ്മീഷണര്‍ അനൂപ് മഹേശ്വരി പറഞ്ഞു.
കഴിഞ്ഞ കുറേ വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചു വരുന്ന മുകേഷ് കുമാറിന്റെ കടയില്‍ മെയ് 20-നാണ് വാണിജ്യ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത്. പരിശോധനയില്‍ മുകേഷ് കുമാറിന്റെ ഒരു ദിവസത്തെ വരുമാനം 5500 രൂപയിലധികം വരുമെന്ന് കണ്ടെത്തിയിരുന്നു.
എന്നാല്‍ ആരോപണങ്ങള്‍ മുകേഷ് കുമാര്‍ നിഷേധിച്ചു. തന്റെ ഒരു ദിവസത്തെ വരുമാനം 2000 മുതല്‍ 3000 രൂപവരെ മാത്രമാണെന്നും വാര്‍ഷിക വരുമാനം 40 ലക്ഷത്തില്‍ താഴെയാണെന്നും മുകേഷ് കുമാര്‍ പറഞ്ഞു. വിഷയത്തേ സംബന്ധിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണെന്നും വിശദമായ അന്വേഷണത്തിനു ശേഷം ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും അനൂപ് മഹേശ്വരി വ്യക്തമാക്കി.