ന്യൂഡല്‍ഹി: ഗോവയില്‍ 10 കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നു. ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്തിന്റേയും ബിജെപി വര്‍ക്കിംഗ് പ്രസിഡന്റ് ജെ.പി. നദ്ദയുടേയും സാന്നിദ്ധ്യത്തിലാണ് പ്രതിപക്ഷ നേതാവ് ഉള്‍പ്പെടെയുള്ള 10 കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപി അംഗത്വം സ്വീകരിച്ചത്. ഇവരില്‍ മന്ത്രിസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവരുടെ സത്യപ്രതിജ്ഞ നാളെ നടക്കും.
ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായുമായി എംഎല്‍എമാര്‍ കൂടിക്കാഴ്ച്ച നടത്തിയിരുന്നു. കര്‍ണാടകയില്‍ ഭരണപ്രതിസന്ധി രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഗോവയില്‍ എംഎല്‍എമാര്‍ കൂട്ടമായി ബിജെപിയിലെത്തിയത്.
പ്രതിപക്ഷ നേതാവ് ചന്ദ്രകാന്ദ് കാവേല്‍ക്കറുടെ നേതൃത്വത്തിലാണ് ഇക്കാര്യം വ്യക്തമാക്കിക്കൊണ്ടുള്ള കത്ത് സ്പീക്കര്‍ക്ക് കൈമാറിയത്.
ബിജെപിക്കൊപ്പം അണിചേര്‍ന്നവര്‍ക്ക് മുഖ്യമന്ത്രി പ്രമോദ് സാവന്ത് അഭിനന്ദനമറിയിച്ചു. ഉപാധികളൊന്നും കൂടാതെയാണ് എംഎല്‍എമാര്‍ ബിജെപിയിലേക്ക് വന്നതെന്നും സംസ്ഥാനത്തിന്റേയും പ്രതിനിധാനം ചെയ്യുന്ന മണ്ഡലത്തിന്റേയും വികസനത്തിനായാണ് ഇവര്‍ ബിജെപിയിലെത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി.
ഗോവയിലെ 40 അംഗ നിയമസഭയില്‍ കോണ്‍ഗ്രസിനു 15 എംഎല്‍എമാരും ബിജെപിക്ക് 17 എംഎല്എമാരുമാണുണ്ടായിരുന്നത്. കോണ്‍ഗ്രസ് വിമത എംഎല്‍എമാര്‍ കൂടി ചേര്‍ന്നതോടെ ബിജെപി അംഗസഖ്യ 27 ആയി.