Movie

തൂവാനത്തുമ്പികൾ ഒരവിയൽ സിനിമയാണ്; മോഹൻലാലിന്റെ നല്ല കഥാപാത്രമല്ല മണ്ണാറത്തൊടി ജയകൃഷ്ണൻ

ശ്യാം ശ്രീകുമാർ മേനോൻ

ഡിസ്ക്ലെയ്മർ: ഹൃദ്രോഗികൾ, ഗർഭിണികൾ, കുട്ടികൾ, കട്ടതൂവാനത്തുമ്പികൾ ഫാൻസ് എന്നിവർ പോസ്റ്റിൽ നിന്നും നിശ്ചിതഅകലം പാലിയ്ക്കുക!

ഡിസ്ക്ലെയ്മർ-2: പി.പത്മരാജൻ എന്ന അതുല്യനായ എഴുത്തുകാരനെ ഏതെങ്കിലും തരത്തിൽ അപമാനിക്കാനോ, തേജോവധം ചെയ്യാനോ ഉദ്ദേശിച്ചുള്ളതല്ല ഈ പോസ്റ്റ്, മറിച്ച്, അനർഹമായി കൾട്ട്സ്റ്റാറ്റസ് ലഭിച്ച ഒരു സാധാരണസൃഷ്ടി- അതൊരു സാധാരണസൃഷ്ടി മാത്രമാണ് എന്നോർമ്മപ്പെടുത്തുക മാത്രമാണ് ഉദ്ദേശം.

ഒരു കഥാപാത്രം അവിസ്മരണീയമാവുന്നത് അവൻ/അവൾ കഥാഗതിയിൽ നടത്തിയ ഇടപെടലുകൾ കൊണ്ടാവും, ആവണം. സേതുമാധവനൊപ്പം തന്നെ കീരിക്കാടൻ ജോസിനെയും, തൊമ്മിയ്ക്കൊപ്പം ഭാസ്കര പട്ടേലരെയും, മംഗലശ്ശേരി നീലകണ്ഠനൊപ്പം മുണ്ടയ്ക്കൽ ശേഖരനെയും ആളുകൾ ഓർക്കുന്നതിന് കാരണം അവർ കഥാഗതിയിൽ നടത്തിയിട്ടുള്ള സാരമായ ഇടപെടലുകൾ കൊണ്ടാണ്. ആ കണക്ക് നോക്കിയാൽ തൂവാനത്തുമ്പികളിലെ പ്രധാനകഥാപാത്രങ്ങളെല്ലാം തന്നെ ആഴമില്ലാത്ത ദ്വിമാനരൂപങ്ങളാണ്.

1) മണ്ണാറത്തൊടി ജയകൃഷ്ണൻ: അച്ഛൻ ജസ്റ്റിസ് തമ്പുരാൻ മരിച്ച ശേഷവും ആ വ്യക്തിത്വത്തിന്റെ തണൽ പറ്റി ജീവിയ്ക്കുന്ന ഒരു മുടിയനായ പുത്രൻ മാത്രമാണ് ജയകൃഷ്ണൻ. സ്വന്തം അമ്മയുടെയും, ചേച്ചിയുടെയും മുന്നിൽപ്പോലും പിശുക്കനായ ഒരു നാടൻ മട്ടുകാരന്റെ മുഖംമൂടിയണിയുന്നവൻ. ചങ്ങാതിമാരെ കൂടെ നിർത്താൻ, അവർക്ക് മുന്നിൽ ആളാവാൻ പൈസ വാരിയെറിയുന്ന, കോളേജിൽ കേറി ഇഷ്ടം തോന്നിയ പെൺകുട്ടിയ്ക്ക് മൂലക്കുരുവാണെന്ന് വിളിച്ചു കൂവിയ ഊള! സ്വന്തം കുടികിടപ്പുകാരനായ രാവുണ്ണിനായരെ രാത്രി പിടിച്ചുകൊണ്ട് പോയി ഡാമിൽ മുക്കിക്കൊല്ലുമെന്നടക്കം പറഞ്ഞ് മെന്റൽ ടോർച്ചർ നടത്തിയ സാഡിസ്റ്റ്.

അയാൾ തന്നെ അയാളിലെ ഒരേയൊരു “ക്വാളിറ്റിയായി” കാണുന്നത് അയാളുടെ വിർജിനിറ്റിയാണ്! ഹൗ പഥെറ്റിക്! ഇങ്ങനെയൊരാളെയാണോ മലയാളി ആണുങ്ങൾ ആഘോഷിക്കുന്നത്? പൗരുഷമുള്ള പത്മരാജൻ കഥാപാത്രം മണ്ണാറത്തൊടി ജയകൃഷ്ണമേനോനല്ല സുഹൃത്തുക്കളേ, കൂട്ടുകാരന് വേണ്ടി, അവന്റെ പ്രണയത്തിന് വേണ്ടി കുത്തേറ്റ് മരിച്ച “അരപ്പട്ട കെട്ടിയ ഗ്ര‌ാമത്തിലെ” സക്കറിയയാണ്, മീശ മുളച്ചിട്ടില്ലെങ്കിലും, ആലീസ്ടീച്ചറെ തന്നോട് ചേർത്ത് പറഞ്ഞ ക്യാപ്റ്റൻ തോമസിനോടെതിർത്തു നിന്ന രവി പുത്തൂരാനാണ്, സോഫിയയെ തന്നോട് ചേർത്തു പിടിച്ച സോളമനാണ് പത്മരാജന്റെ യഥാർത്ഥനായകന്മാർ!

2) ക്ലാര: മലയാളി പുരുഷന്റെ ഇറോട്ടിക് ഫാന്റസികളെ തൊട്ടുണർത്തിയ ബിംബങ്ങളാണ് “ക്ലാരയും മഴയും” എന്ന കോംബോ എന്നാണ് സങ്കൽപം! മൂലകൃതിയായ ‘ഉദകപ്പോള’ വായിച്ചിട്ടുണ്ടെങ്കിൽ ഈ സങ്കൽപം തെറ്റാണെന്ന് കാണാം! മലയാളി കണ്ടതും, ഫാന്റസൈസ് ചെയ്തതും സുമലത എന്ന നോൺമലയാളി നടിയെയായിരുന്നു! സുമലതയെ കണ്ട് ഒരു ശരാശരി മലയാളി പ്രേക്ഷകന്റെ ഇറോട്ടിക് ഭാവനകളുണരണമെങ്കിൽ കാണേണ്ടത് തൂവാനത്തുമ്പികളും, ക്ലാരയെയുമല്ല, താഴ്വാരവും, അതിലെ ഒറ്റമുണ്ടും, ജാക്കറ്റുമിട്ട കുഞ്ഞൂട്ടിയെയുമാണ്!

3) രാധ: തുടക്കത്തിൽ ജയകൃഷ്ണന്റെ തോന്ന്യവാസങ്ങൾക്കെതിരെ നീറ് പോലെ നിൽക്കുന്നവളാണ് രാധയെങ്കിലും, ചേട്ടൻ മാധവന്റെ “ജയകൃഷ്ണൻ ഇന്ന് വരെ ഒറ്റപ്പെണ്ണിനെയും സീരിയസ്സായി അപ്രോച്ച് ചെയ്തിട്ടില്ല” എന്ന ഒറ്റഡയലോഗിൽ മൂക്കും കുത്തി ഠിമ്മെന്ന് കിടക്കുന്നു! പോരാത്തതിന് ഭാവിഭർത്താവ് തന്റെ ഏകക്വാളിറ്റിയായ ‘ചാരിതാർത്ഥ്യം’ കളഞ്ഞു കുളിയ്ക്കാൻ കാരണക്കാരിയായ ക്ലാരയെ വീണ്ടും ഒന്നു കൂടെ കണ്ട് കൊടുക്കുന്നു, ഒരു രാത്രി ചിലവിട്ട് വരാൻ അനുവാദവും കൊടുക്കുന്നു, കലിയുഗസാവിത്രി ശ്രീമതി. രാധ! ഹൗ ബ്യൂട്ടിഫുൾ പീപ്പിൾ!!!

കഥാപാത്രങ്ങൾ ത്രീഡയമെൻഷനലല്ല, മറിച്ച് ഷാലോ എന്ന് കാണിക്കാനാണ് അക്കമിട്ട് കുറവുകൾ നിരത്തിയത്.

ഇനി സിനിമയുടെ കാര്യമെടുക്കാം: ദിക്കും, ദിശയുമറിയാതെെ, എങ്ങോട്ട് പോവണം, എന്ത് ചെയ്യണമെന്നറിയാതെ നിൽക്കുന്ന കുറേ കഥാപാത്രങ്ങളുടെ ഒരു അവിയലാണ് തൂവാനത്തുമ്പികൾ. വില്ലൻ/ആന്റിഹീറോ വേഷങ്ങളിൽ രാജാവിന്റെ മകനോടെ ഒരു ഫുൾ സർക്കിളെത്തിയ ശേഷം പരിപൂർണ്ണനായകനായി മോഹൻലാൽ അഭിനയിച്ചു തുടങ്ങിയ വർഷങ്ങളിലെ വേഷങ്ങളിലൊന്ന്.

ചില സ്ഥലങ്ങളിൽ ഏച്ചുകെട്ടിയ തൃശൂർ സ്ലാങ്ങും, മറ്റ് ചില സീനുകളിൽ സിനിമാറ്റിക് ലാംഗ്വേജുമായി അദ്ദേഹം മോശമാക്കിയ അപൂർവ്വം വേഷങ്ങളിലൊന്ന്! (ഓരോ സിനിമയിലെയും, ഓരോ സീനും തകർത്തഭിനയിച്ചു കൊണ്ടിരുന്ന, സൂപ്പർസ്റ്റാർ അല്ലാത്ത, പത്മശ്രീ, ഭരത്, ലഫ്റ്റനന്റ് കേണൽ എന്നീ ആലഭാരങ്ങളൊന്നുമില്ലാതിരുന്ന, നടനായിരുന്ന മോഹൻലാലിനെക്കുറിച്ചാണീ പറയുന്നത്)

ഉദകപ്പോള ഒരു പട്ടുനൂലാണെങ്കിൽ, കൾട്ട് എന്ന് കൊണ്ടാടുന്ന അതിന്റെ ബൈപ്രൊഡക്റ്റ് അതിനോട് ചേർത്തു കെട്ടാൻ ശ്ര‌മിയ്ക്കുന്ന വാഴനാര് മാത്രമാണ്!

ഐ റെസ്റ്റ് മൈ കേസ് യുവർ ഓണർ!

 

-ശ്യാം ശ്രീകുമാർ മേനോൻ

 


ജനം ടിവി ഡോട് കോമിൽ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങൾ തീർത്തും ലേഖകന്റെ മാത്രം അഭിപ്രായമാണ്. അത് ജനം ടിവിയുടെ അഭിപ്രായമല്ല.

784 Shares

Scroll down for comments

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close