തൊടുപുഴ: നെടുങ്കണ്ടം കസ്റ്റഡി മരണത്തിൽ ജുഡീഷ്യൽ അന്വേഷണം ആരംഭിച്ചു. ജസ്റ്റിസ് നാരായണക്കുറുപ്പ് കമ്മീഷൻ നെടുങ്കണ്ടം പോലീസ് സ്റ്റേഷനിൽ എത്തി തെളിവെടുത്തതോടെയാണ് അന്വേഷണത്തിന് തുടക്കമായത്.
വിശദമായ അന്വേഷണത്തിന്റെ ഭാഗമായി രാജ് കുമാറിന്റെ മൃതദേഹം വീണ്ടും പോസ്റ്റ് മോർട്ടം നടത്തുമെന്ന് കമ്മീഷൻ വ്യക്തമാക്കി. നിലവിലെ റിപ്പോർട്ടിൽ ഗുരുതര വീഴ്ചകൾ ഉണ്ട്. ഇതുമായി അന്വേഷണം നടത്താനാകില്ല. വിദഗ്ദ സമിതിയുടെ നേതൃത്വത്തിലാകും വീണ്ടും പോസ്റ്റ് മോർട്ടം നടത്തുക. നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലും കമ്മീഷൻ തെളിവെടുത്തു.
അതേസമയം, കസ്റ്റഡി കൊലപാതകത്തിൽ റീപോസ്റ്റുമോർട്ടം ചെയ്യാനുള്ള ജുഡീഷ്യൽ കമ്മീഷൻ തീരുമാനം സ്വാഗതം ചെയ്ത് രാജ്കുമാറിന്റെ അമ്മ കസ്തൂരി രംഗത്തെത്തി. കുറ്റവാളികൾക്ക് വധശിക്ഷ നൽകണമെന്ന് കസ്തൂരി വാഗമണ്ണിൽ പറഞ്ഞു.