ബംഗളൂരു: രാഷ്ട്രീയ പ്രതിസന്ധി തുടരുന്നതിനിടെ കർണാടകയിൽ കോൺഗ്രസിന് വീണ്ടും തിരിച്ചടി. രാജി പിൻവലിക്കാമെന്നേറ്റ എംഎൽഎ എം.ടി.ബി.നാഗരാജ് മുംബൈയിലേക്ക് പോയി. എച്ച്എഎൽ വിമാനത്താവളത്തിൽ നിന്നും പ്രത്യേക വിമാനത്തിലാണ് എംഎൽഎ മുംബൈയിലേക്ക് പോയത്. രാജിവച്ച മറ്റ് എംഎൽഎമാരും നിലവിൽ മുംബൈയിലാണുള്ളത്.
കർണാടകത്തിലെ മുതിർന്ന കോൺഗ്രസ് നേതാക്കളായ സിദ്ധരാമയ്യയും ഡികെ ശിവകുമാറും നടത്തിയ അനുനയ ചർച്ചകൾക്കൊടുവിലായിരുന്നു എം.ടി.ബി.നാഗരാജ് രാജി പിൻവലിക്കുന്ന കാര്യം പരിഗണിക്കാമെന്ന് നേതൃത്വത്തിനെ അറിയിച്ചത്. എന്നാൽ കോൺഗ്രസ് നേതാക്കൾ നടത്തിയ അനുരഞ്ജന ചർച്ചകൾ പരാജയപ്പെട്ടതോടെയാണ് നാഗരാജ് മുബൈയിലേക്ക് തിരിച്ചത്.
മുംബൈയിലെത്തുന്ന നാഗരാജ് വിമത എംഎൽഎമാർക്കൊപ്പം ചേരുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.