പെരുമ്പാവൂര്‍: ഇരിങ്ങോള്കാവിനു ചുറ്റുമുള്ള സ്ഥലങ്ങള്‍ ചില സ്വകാര്യ വ്യക്തികള്‍ കൈവശപ്പെടുത്താന്‍ ശ്രമം നടത്തുന്നു എന്ന് ചൂണ്ടിക്കാട്ടി കാവിനു ചുറ്റും അയ്യായിരത്തിലധികം നാട്ടുകാര്‍ കൈകോര്‍ത്ത് പ്രതീകാത്മക സംരക്ഷണവലയം തീര്‍ത്തു. കാവിന്റെ ഭൂമി ആരും കൈയ്യേറ്റം ചെയ്യാന്‍ അനുവദിക്കില്ലെന്ന് ഇരിങ്ങോള്‍ക്കാവ് സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ പറഞ്ഞു.
കല സാംസ്കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖരും വിവിധ മതവിശ്വാസികളും സംരക്ഷവലയത്തില് കൈകോര്‍ത്ത് പിടിച്ച് വനം സംരക്ഷണത്തിന് വേണ്ടിയുളള പ്രതിജ്ഞ ഏറ്റുചൊല്ലി. പെരുമ്പാവൂര്‍ നഗരസഭാ അതിര്‍ത്തിയില്‍ പ്രകൃതി ഒരുക്കിയ ജൈവസമൃദ്ധിയാണ് 60 ഏക്കര്‍ വിസ്തൃതിയുള്ള ഇരിങ്ങോള്‍ക്കാവ് വനം.
സ്വകാര്യ വ്യക്തികള്‍ക്ക് എക്സ്പാര്‍ട്ടി വിധിയിലൂടെ ലഭിച്ച സ്ഥലത്തേക്കു പോകാന്‍ ഉത്സവം നടത്തുന്ന വഴിയടക്കമുള്ള സ്ഥലം നല്‍കണമെന്ന ആവശ്യമുയര്‍ന്നതോടെയാണ് കയ്യേറ്റമെന്ന ആശങ്കയില്‍ സംരക്ഷണമൊരുക്കിയത്. ഇരിങ്ങോള്കാവിന്റെ ഇപ്പോഴത്തെ അവസ്ഥയെ സംബന്ധിച്ച് അധികാരികളെ ബോധ്യപ്പെടുത്താന്‍ ഈ വനം സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് ജനങ്ങളെ ബോധ്യപ്പെടുത്തുവാനും വേണ്ടിയാണ് സംരക്ഷണവലയം ഒരുക്കിത്.
തിരുവിതാംകൂര്‍ ദേവസ്വത്തിന്റെ കീഴിലാണ് ഈ വനം. ഞായറാഴ്ച്ച രാവിലെ നടന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ നാടിന്റെ പലഭാഗത്തുനിന്നും നിരവധി ആളുകളാണ് എത്തിയത്.