ബാംഗ്ലൂര്‍: രാഷ്ട്രീയ പ്രതിസന്ധി തുടരുന്ന കര്‍ണാടകയില്‍ കോണ്‍ഗ്രസ് ജെ ഡി എസ് സഖ്യസര്‍ക്കാര്‍ ഇന്ന് വിശ്വാസ വോട്ട് തേടും. രാവിലെ 11 മണിക്കാണ് വിശ്വാസ വോട്ടെടുപ്പ് നടത്തുക. ഭൂരിപക്ഷം ഇല്ലാത്ത സര്‍ക്കാര്‍ സഭയില്‍ എന്ത് അത്ഭുതം കാണിക്കുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.
വിശ്വാസ വോട്ടെടുപ്പ് നടക്കാനിരിക്കെ, കര്‍ണാടകയിലെ നിലവിലുള്ള രാഷ്ട്രീയ സ്ഥിതി പ്രവചനാതീതമാണ്. ആകെയുള്ള 224 സീറ്റാണ്. അതില്‍ വിമതര്‍ പതിനഞ്ച്. അവശേഷിക്കുന്നത് 209 സീറ്റാണ് . ഭൂരിപക്ഷത്തിന് വേണ്ടത് 105 പേരുടെ പിന്തുണയാണ്. കോണ്‍ഗ്രസ് ജെഡിഎസ് സഖ്യത്തില്‍ ഉള്ളത് 101 അംഗങ്ങള്‍. അതായത് ഭൂരിപക്ഷത്തിന് 4 അംഗങ്ങള്‍ കുറവ്.
അതേസമയം ബിജെപിക്ക് 105 അംഗങ്ങളാണ് ഉള്ളത്. കൂടാതെ 2 സ്വതന്ത്ര എംഎല്‍എമാരുടെ പിന്തുണ കൂടി ലഭിക്കുമ്പോള്‍ 107 അംഗങ്ങളായി ഉയരും. അതായത് വോട്ടെടുപ്പില്‍ വിമത എംഎല്‍എമാരുടെ പങ്ക് നിര്‍ണായകമാണ്.
അതേസമയം ഭൂരിപക്ഷം നഷ്ടപ്പെട്ട കോണ്‍ഗ്രസ് ജെഡിഎസ് സഖ്യ സര്‍ക്കാര്‍ ഏത് വിധേനെയും അധികാരം നിലനിര്‍ത്താനുള്ള തീവ്രശ്രമം ഇപ്പോഴും തുടരുകയാണ്.